രാജേഷ് തില്ലങ്കേരി

പാർട്ടി പറയും ഞങ്ങൾ നിയമിക്കും, ആരുണ്ടിവിടെ ചോദിക്കാൻ…. ഇത്തരമൊരു മുദ്രാവാക്യം കേരം തിങ്ങും കേരളനാട്ടിൽ ഉയർന്നാൽ ആരും സംശയിക്കേണ്ട. അത് പാർട്ടി പ്ലീനത്തിൽ പറഞ്ഞതല്ലല്ലോ എന്ന് ഇടതു ബുദ്ധിജീവികൾ അഥവാ ആലോചിച്ചാൽ അവരൊക്കെ ഏത് മൂഢസ്വർത്തിലാണന്നേ ചോദിക്കാനുള്ളൂ. അധികം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കാം.

മുൻ രാജ്യസഭാംഗവും നടപ്പുകാലത്ത്  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് കണ്ണൂർ സർവകലാശാല താലത്തിൽ വച്ചു നീട്ടിയ അസി.പ്രൊഫസർ തസ്തികയും, ക്രൂരനായ ഗവർണ്ണർ ( ഫണ്ടമെന്റലിസ്റ്റ് എന്നും, ബി ജെ പിയുടെ ഏജന്റ് എന്നൊക്കെ വരും കാല പാർട്ടി പ്ലീനത്തിൽ വിശേഷിപ്പിക്കാവുന്ന ഐറ്റം ) മരവിപ്പിച്ചു കളഞ്ഞത്രേ. ഇത് ഓപ്പറേഷൻ താമരയെന്നോ, അധികാരം കവരാനുള്ള സർക്കാർ തീരുമാനത്തിൽ ആകെ പരിഭ്രാന്തനായ ഗവർണ്ണറുടെ അവസാന ആയുധമെന്നോ ഒക്കെ വേണമെങ്കിൽ പാർട്ടി റൂട്ടിൽ ചിന്തിക്കാവുന്നതാണ്. ജില്ലാ കമ്മിറ്റിമുതൽ കേന്ദ്ര കമ്മിറ്റിവരെ ചർത്ത ചെയ്‌തെടുത്ത തീരുമാനമാണ് പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോഷിയേറ്റ് പ്രൊഫസറായി നിയമിക്കണമെന്ന്. നമ്മളുടെ ഭരണം, നമ്മുടെ സ്വന്തം കണ്ണൂർ സർവ്വകലാശാല, പിന്നെ സ്വന്തമെന്നു മാത്രം പറയാവുന്ന വി സി. ഓ… പ്രിയേ… പ്രിയേ… ഒന്നാം റാങ്കും ജോലിയും ഒക്കെ ലഭിക്കാൻ ഇതിൽപരം മറ്റെന്ത് യോഗ്യതയാണ് സാർ വേണ്ടത് എന്ന് കണ്ണൂർ സഖാക്കൾ ഏകസ്വരത്തിൽ ചോദിക്കുന്നതിന് ഇടയിലാണ് ഗവർണ്ണർ സാർ ഈ കടുംകൈ ചെയ്തത്. പ്രിയാ വർഗീസ്  ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ അങ്ങ് മരവിപ്പിച്ചു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ക്രൂരകൃത്യം. സാർ നമ്മുടെ സ്വന്തം സഖാവായ കെ കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ നുമ്മ പിന്നെയെന്തിനാണ് , ഈ രവീന്ദ്രൻ സാറിനെ ഇത്രയും മിനക്കെട്ട്, ദുഷ്‌പേരുകളുണ്ടാക്കി, പുനർ നിയമിച്ചതെന്നാണ് പാർട്ടിക്കാരുടെ ചോദ്യം. കണ്ണൂർ വാഴ്‌സിറ്റിയിൽ ഡോ ഗോപിനാഥൻ നായരെ വീണ്ടും വാഴിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായി. വി സി നിയമനത്തിൽ അന്തിമ തീരുമാനം ചാൻസിലർ കൂടിയായ ഗവർണ്ണറുടേതായിരുന്നതിനാൽ ഗവർണ്ണർ സർക്കാരുമായി ഏറ്റുമുട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ബിന്ദു വി സി നിയമനത്തിൽ അനധികൃതമായി ഇടപെട്ടുവെന്നായിരുന്നു ഗവർണ്ണറുടെ ഓഫീസിന്റെ ആരോപണം. പിന്നീട് ഇക്കാര്യം ഗവർണ്ണർ പരസ്യമായി പറയുകയും ചെയ്തു. ചാൻസിലർ പദവി ഒഴിയുന്നതിനുവരെ ഗവർണ്ണർ ആലോചിച്ചിരുന്ന ആ കാലം… പിന്നീട് എല്ലാം പഴയപടിയായി. പ്രിയ വർഗ്ഗീസ് അസോഷിയേറ്റ് പ്രഫസറാവാൻ യോഗ്യതയില്ലെന്ന പരാതി അപ്പോഴേ ഗവർണ്ണറുടെ മുന്നിലുണ്ടായിരുന്നു. എല്ലാം കോംപ്രമൈസ് ചെയ്യുന്നതായിരുന്നു പതിവ് രീതി. എന്നാൽ ഇത്തവണ ഗവർണർ സർക്കാരിനിട്ട് നല്ല പണിയാണ് കൊടുത്തിരിക്കുന്നത്. വിവിധ ഓർഡൻസുകളിൽ ഒപ്പു വെക്കാൻ വിസമ്മതിച്ച ഗവർണ്ണർ തന്റെ പദവി വെറും ആലങ്കാരികമല്ലെന്ന് തെളിയിച്ചു. ചാൻസിലറുടെ ചിറകരിയാനുള്ള നിയമം മന്ത്രിസഭ പാസാക്കിയതിന് തൊട്ടു പിന്നാലെ കണ്ണൂർ വിസിക്കെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.

സർവകലാശാല മലയാളം ഡിപ്പാർട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. റിസർച്ച് പേപ്പറുകളിൽ നിന്നും ലഭിച്ച മാർക്ക് കുറഞ്ഞതോടെ അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകിയാണ് പ്രിയയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ ഉദ്യോഗാർത്ഥിക്ക് അസോസിയേറ്റ് പ്രഫസറുടെ പോസ്റ്റ് ലഭിക്കാൻ എല്ലാവിധ യോഗ്യതകളും ഉണ്ടായിരുന്നിട്ടും പാർട്ടിയുടെ ഉന്നത നേതാവിന്റെ ഭാര്യയെന്ന ലേബലിലാണ് അദ്ദേഹത്തെ വെട്ടി പ്രിയയുടെ പേര് തിരുകി കയറ്റിയത്. ഇത്രയും പരസ്യമായ സ്വജനപക്ഷപാതം നടന്നിട്ടും ന്യായീകരണ തൊഴിലാളികളെയിറക്കി ഗവർണ്ണറെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് പാർട്ടിക്കാർ.

സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്  പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നാണ് പാർട്ടി അടിമയായ ഡോ ഗോപിനാഥൻ രവീന്ദ്രൻ പറയുന്നത്. ഉദരം നിമിത്തം ബഹുകൃതവേഷം എന്നല്ലാതെ അദ്ദേഹത്തെ കുറിച്ച് എന്തു പറയാൻ.  

റിസർച്ച് സ്‌കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വി സിയുടെ നിലപാട്. കണക്കിലെ കളികളൊന്നുമല്ല നിയമനത്തിന്റെ മാനദണ്ഡമെന്നായിരുന്നു പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.  പാർട്ടി തീരുമാനിച്ചാൽ അതും അതിനപ്പുറവും  നടക്കുമെന്ന ധ്വനിയുണ്ടായിരുന്നു പ്രിയയുടെ പോസ്റ്റിൽ. എന്നാൽ സംഭവിച്ചത് തിരിച്ചുമായിപ്പോയി, സി പി എമ്മിന് വലിയ തിരിച്ചടിയാണ് ഗവർണ്ണറുടെ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല ഭരണം പാർട്ടി തീരുമാനത്തിന് അനുസരിച്ച് കൊണ്ടു പോവുന്നതിനിടയിലാണ് ഗവർണ്ണറുടെ ഈ നടപടിയന്നത് ശ്രദ്ധേയം. ഏറെക്കാലമായി ഓങ്ങിനിന്ന ചാട്ടവാറടിയാണ് ഇന്ന് ദേഹത്ത് വീണിരിക്കുന്നത്.  ഇനി വി സിയുടം സി പി എമ്മും ഒരു ഭാഗത്തും, ഗവർണ്ണർ മറുഭാഗത്തുമായുള്ള പോരാട്ടമാണ് കാണാനിരിക്കുന്നത്. സഖാക്കളെ വർഗസമര സമയമായ്, എല്ലാവരും ജാഗ്രൂകരായിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here