മസ്‌ക്കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍നിന്നും പുക  ഉയരുന്നത് കണ്ടത്. ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുകയായിരുന്നു.കുഞ്ഞുങ്ങളെയുമെടുത്ത് യാത്രക്കാര്‍ ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതിനിടെ പതിനാലു പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് കുഞ്ഞുങ്ങളും ഉള്‍പ്പെടും.ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു.

പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി.ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. തീപിടിക്കാന്‍ കാരണം എന്തെന്ന് വ്യക്തമല്ല. അപകട വിവരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here