തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപത. ഇതിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ ഇന്ന് തുറമുഖ കവാടത്തിലേയ്ക്ക് ബഹുജന മാർച്ച് നടത്തും. തുറമുഖത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് മാർച്ച് തുടങ്ങുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂലമ്പള്ളിയിൽ നിന്ന് തുടങ്ങിയ ജനബോധന യാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തും.

ജനബോധന യാത്രയ്ക്ക് രാവിലെ എട്ട് മണിയ്ക്കാണ് ആദ്യ സ്വീകരണം നൽകിയത്. സമരം അറുപത്തിയൊന്ന് ദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം കടുപ്പിക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്. തുടർച്ചയായ നാലാം ഞായറാഴ്ചയും പള്ളികളിൽ ഇടയലേഖനം വായിക്കുമെന്ന് സഭ വ്യക്തമാക്കി.

അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്തെ ചില മദ്യശാലകൾ പ്രവർത്തിക്കില്ല. സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ട് ജില്ലാ കളക്ടർ ജെറോമിക് ജോ‌ർജ് കഴിഞ്ഞ ദിവസംതന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം തുടങ്ങിയ പ്രദേശങ്ങളിലെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കില്ലെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്. ക്രൈസ്തവ സംഘടനകളുടെ ജനബോധന യാത്രയും ഇതിനെതിരെ പ്രദേശവാസികൾ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന വിലയിരുത്തലിലാണ് നിരോധനമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇതിനിടെ, നാളെ മുതൽ 24 മണിക്കൂർ ഉപവാസ സമരം തുടങ്ങുമെന്ന് സമരസമിതി അറിയിച്ചിരിക്കുകയാണ്. സെപ്തംബർ 21ന് കൊച്ചി പോർട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കും. മറ്റ് ഹാർബറുകൾ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here