കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഗൂഢാലോചനയുടെ ഫലമാണ് സര്‍വ്വകലാശാലയില്‍ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വീഡിയോ അടങ്ങിയ തെളിവുകള്‍ നാളെ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

‘ഇവിടെ ഇപ്പോള്‍ എന്റെ കൈയ്യില്‍ എല്ലാതെളിവുകളും ഇല്ല. എനിക്ക് അവരോട് സഹതാപമാണ്. മുഖ്യമന്ത്രി എഴുതിയ കത്ത് നാളെ ഞാന്‍ പുറത്ത് വിടും. അദ്ദേഹം ഏത് കാര്യത്തിനാണ് എന്നില്‍ നിന്നും സഹായം തേടിയതെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് അറിയിച്ച് അദ്ദേഹം എഴുതിയ കത്ത് ഞാന്‍ നാളെ പുറത്ത് വിടും. അവര്‍ യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്.’ ഗവര്‍ണര്‍ ആരോപിച്ചു.

സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം എന്നത് ആര്‍ക്കാണ് അറിയാത്തത്. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും  ഗവര്‍ണര്‍ ചോദിച്ചു.

‘ഗവര്‍ണറുടെ സ്റ്റാഫ് എന്തുകൊണ്ട് ആക്രമണം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് സിപിഐഎം ചോദിക്കുന്നതായി ഇന്നത്തെ പത്രത്തില്‍ വായിച്ചു. എനിക്ക് സഹതാപമാണ് തോന്നുന്നത്. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നത്. എന്തൊരു നാണക്കേടാണ്. നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ നേരെ ആക്രമണശ്രമം ഉണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് വേണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്.’ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here