കൊല്ലം: ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ഥിയില്ലെന്നും താന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്ന് നെഹ്‌റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ശശി തരൂര്‍.അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ തരൂര്‍ പ്രതികരിച്ചു.

പാര്‍ട്ടിയുടെ അകത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വര്‍ഷമായി. പാര്‍ട്ടിക്കകത്ത് ജനാധിപത്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍, അതുപോലെ തന്നെയാണ് രാഹുല്‍ ഗാന്ധിയും, തെരഞ്ഞെടുപ്പ് വേണമെന്ന് അദ്ദേഹം പത്ത് വര്‍ഷം മുമ്പ് പറഞ്ഞ് തുടങ്ങിയതാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ല. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ ആരും ഒരു വ്യക്തിയുടെ ഭാഗം ചേരാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നെങ്കില്‍ പദവികള്‍ രാജിവെച്ചിട്ട് ചെയ്യണം. ഗാന്ധി കുടംബത്തിലെ മൂന്നു പേരും നിക്ഷ്പക്ഷമായി നില്‍ക്കുകയാണെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്. അവരുടെ പ്രോത്സാഹനം കൊണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും തരൂര്‍ പറഞ്ഞു.

 

‘ഈ തെരഞ്ഞെടുപ്പോടെ വലിയ ശ്രദ്ധയാണ് കോണ്‍ഗ്രസിന് കിട്ടിയത്. ഭാരതം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ശക്തിയാണ്. തെരഞ്ഞെടുപ്പ് വേണ്ട എന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ ചൂണ്ടിക്കാട്ടുന്നുള്ളൂ, ഞാനല്ല ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനമെടുത്ത് എഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയം പാര്‍ട്ടിയുടേതായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

വലിയ നേതാക്കള്‍ക്ക് പക്ഷാപാതമുണ്ടെന്നത് ശ്രദ്ധിച്ചു. പക്ഷെ അവര്‍ പറഞ്ഞതിനനുസരിച്ച് ആളുകള്‍ വോട്ടു ചെയ്യണമെന്നില്ല. രഹസ്യ ബാലറ്റിലൂടെ വോട്ടിംഗ് നടക്കുക എന്നാണ് മിസ്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും മനസാക്ഷി നോക്കി വോട്ട് ചെയ്യട്ടെ. എല്ലാവരും പിസിസിയില്‍ വോട്ട് ചെയ്യും. വോട്ടിംഗിന് ശേഷം സീലു ചെയ്ത ബാലറ്റ് ബോക്‌സ് അടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ എത്തിക്കും. സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് തന്നെ വോട്ടുകള്‍ എടുത്തതിന് ശേഷമാണ് എണ്ണാന്‍ തുടങ്ങുക’, തരൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here