രാജേഷ് തില്ലങ്കേരി

രു വലിയൊരു ദുരന്തത്തിന്റെ നടുക്കുന്ന വാർത്തയുമായാണ് വ്യാഴാഴ്ച പുലർന്നത്.  പാലക്കാട് വടക്കഞ്ചേരി അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒൻപതുമനുഷ്യജീവനുകൾ പൊലിഞ്ഞെന്ന അതീവ ദുഖകരമായ വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തി. പറന്നുതുങ്ങും മുൻപ് കരിഞ്ഞമർന്ന ആ കുഞ്ഞുങ്ങളെയോർത്ത് കേരളമാകെ  തേങ്ങി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് ഹയർസെക്കന്ററി സ്‌കൂളിലെ  അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനുമാണ് അപകടത്തിൽ ജീവിൻ നഷ്ടമായത്. തങ്ങളുടെ കൂട്ടുകാരും പ്രിയപ്പെട്ട അധ്യാപകനും അപ്രതീക്ഷിതമായി ഈ ലോകത്തുനിന്നും പോയതിന്റെ  തീരാവേദനയിലാണ് മുളന്തുരുത്തി.  ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലേക്ക് നിറകണ്ണുകളുമായാണ് പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലാൻ നാടൊന്നാകെ ഒഴുകിയെത്തിയത്.

അമിതവേഗതയും നിയമലംഘനങ്ങളും തടയാൻ വലിയ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ റോഡുകളിൽ ദിനം പ്രതി ജീവൻപൊലിയുന്നത് എത്രയെത്ര ജീവനുകളാണ്. വലിയ അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം മോട്ടോർവകുപ്പ് വലിയ നിയമങ്ങളുമായി എത്തും. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ഗവർണർ ഘടിപ്പിക്കാൻ തീരുമാനിച്ചത് ഇത്തരമൊരു വലിയ ദുരന്തത്തിന് ശേഷമായിരുന്നു. എന്നിട്ട് എന്തായി, സ്പീഡ് ഗവർണർ എത്ര വണ്ടികൾക്കുണ്ട് എന്ന് ആർക്കറിയാം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി മോട്ടോർവാഹന വകുപ്പ് അധികൃതർ പരിശോധന നടത്തുമ്പോൾ മാത്രം താല്ക്കാലികമായി ഘടിപ്പിക്കുന്ന ഒരു ഉപകരണാണ് സ്പീഡ് ഗവർണർ. അതിന് ശേഷം അത് അഴിച്ച് മാറ്റും. സ്പീഡ് ഗവർണർ ചില മോട്ടർമെക്കാനിക്ക് ഗ്യാരേജുകളിൽ വാടകയ്ക്ക് കൊടുക്കുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. കുഴിയിൽ വീണ് ആളുകൾ മരിക്കുമ്പോൾ മാത്രമാണ് റോഡിൽ കുഴിയുള്ളകാര്യം പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയുന്നത്. അതുപോലെ വലിയ വാഹന ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് ഈ വാഹനങ്ങളിലൊന്നും വേഗത നിയന്ത്രിക്കാനുള്ള ഉപകരണം ഇല്ലായിരുന്നു എന്നറിയുന്നത്. കേരളത്തിലെ റോഡുകളിലൂടെ അമിതവേഗതയിൽ പായുന്ന വണ്ടികൾ പിടിച്ചെടുക്കാൻ ഒരു നിയമവും ഇല്ല. മിക്ക ഡ്രൈവർമാർക്കും റോഡുനിയമങ്ങൾ അറിയില്ല, അഥവാ അറിഞ്ഞാൽ തന്നെ അതൊക്കെ പാലിക്കേണ്ടതാണെന്ന ബോധ്യമില്ല. എല്ലാം മുതലാളി നോക്കിക്കോളുമെന്നാണ് ഡ്രൈവർമാരുടെ നിലപാട്. ഒരു ബസ് ഉടമയെ സംബന്ധിച്ചിടത്തോളം മുടക്കിയ പണത്തിൽ നിന്നും ലാഭം മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ എന്ത് നിയമലംഘനത്തിനും അവർ കൂട്ടുനിൽക്കും. മോട്ടോർവാഹന വകുപ്പ് പൂർണമായും അഴിമതിയിൽ മുങ്ങിക്കുളിച്ചവകുപ്പാണ്. പണം മാത്രംമതി അവർക്കും. ഏജന്റുമാരെ വച്ച് നിയമം നടപ്പാക്കുന്ന സ്ഥാപനമായി ആർ ടി ഒ ഓഫീസുകൾ മാറിയതാണ് പലപ്പോഴും നിയമങ്ങളൊന്നും നടപ്പാക്കാൻ പറ്റാതെ പോവുന്നത്. അമിത വേഗതയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദുചെയ്യാൻ നിയമമുണ്ടെങ്കിലും ഫൈൻ അടച്ച് പ്രശ്‌നം പരിഹരിക്കുകയാണ് രീതി.
ഡ്രൈവർമാരുടെ കുറ്റകരമായ അനാസ്ഥയാണ് ഇത്തരം ദുരന്തത്തിന് കാരണമാവുന്നത്.

വൈകിട്ട് 6.50 ന് സ്‌കൂളിൽ നിന്നും ബസ് പുറപ്പെടും മുമ്പേ തന്നെ ക്ഷീണിതനായിരുന്നു ഡ്രൈവറെന്നാണ് രക്ഷിതാക്കൾ പറയുന്നത്.  വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ടേ ഉള്ളെന്നാണ് ഡ്രൈവർ മറുപടി നൽകിയതെന്നാണ് പറയുന്നത്. അതു ശരിയാണെങ്കിൽ ബസ് ഉടമയാണ് ഈ ദുരന്തത്തിൽ ഒന്നാം പ്രതി. വേളാങ്കണ്ണിയിൽ നിന്നും മണിക്കൂറുകൾ നീണ്ട ഡ്രൈവിംഗിനുശേഷം മുളന്തുരുത്തിയിൽ എത്തിയ ഡ്രൈവർക്ക് ആവശ്യമായ വിശ്രമം പോലും നൽകാതെയാണ് കുട്ടികളുമായുള്ള ഊട്ടിയാത്രയ്ക്ക് ഉടമ നിയോഗിച്ചത്. എത്രപരിചയ സമ്പന്നനാണെങ്കിലും ക്ഷീണം ഒരു  ഡ്രൈവറുടെ സ്വാഭാവികമായുള്ള ഡ്രൈവിംഗിനെ ബാധിക്കുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല.

മോട്ടോർ വാഹനവരുപ്പ് മേധാവിയും ട്രാൻസ്‌പോർട്ട് കമ്മീഷണറും, മന്ത്രിമാരും എല്ലാം അവിടെയെത്തി. അന്വഷണങ്ങൾ നടത്തി, സംഭവത്തിനുശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെയും പൊലസ് സാഹസികമായി പിടികൂടി.  സ്‌കൂളിൽനിന്നുള്ള രാത്രികാല വിനോദയാത്ര ഇനി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും തീരുമാനമെടുത്തിരിക്കയാണ്.  സാർ, അപകടങ്ങൾ നടന്നതിന് ശേഷം ഇത്രയും കാര്യങ്ങൾ ചെയ്തു, ഇതൊന്നും ആദ്യമായിട്ട് സംഭവിക്കുന്നതല്ലല്ലോ. കേരളത്തിൽ പലയിടത്തും നല്ല റോഡുകളില്ല. അതിനാൽ അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നതുതന്നെ അപകടകരമാണെന്നിരിക്കെ അനുവദിച്ചതിലും എത്രയോ കൂടുതലായിരുന്നുവേ്രത അപകടത്തിൽ പെട്ട ബസിന്റേത്. ഇതൊക്കെ അപകടം കഴിഞ്ഞ്, ഒൻപതുപേരുടെ മരണത്തിന് ശേഷം അറിഞ്ഞതുകൊണ്ട് എന്തു ഗുണമാണുള്ളത്. ഇനിയും ചോരവീണ് നനയരുത് റോഡുകൾ. ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടരുത്.
രാത്രികാലങ്ങളിൽ അപകട സാധ്യത കൂടുതലായതിനാൽ വേഗത പകുതിയായി കുറയ്ക്കണം. രാത്രികാല വാഹന പരിശധന നിർബന്ധമാക്കണം. കോവിഡ് കാലം തുടങ്ങിയതിന് ശേഷം കേരളത്തിൽ രാത്രികാല പരിശോധന ഫണ്ട് സ്വരൂപിക്കാൻവേണ്ടി മാത്രമായിരിക്കുന്നു. ഇതിനെല്ലാം വ്യക്തമായ തീരുമാനം ഉണ്ടാവേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here