പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പരാമര്‍ശം വില കുറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നാടിന്റെ വികസനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത്. ഉല്ലാസത്തിന് വേണ്ടി നടത്തുന്ന യാത്രയല്ലെന്നും ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നുംഅദ്ദേഹം പ്രതികരിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്ക് നേരെയുണ്ടായിരിക്കുന്ന ആരോപണം ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ഒരു എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തെറ്റ് ഉണ്ടാവരുത്. തെറ്റ് സംഭവിച്ചെങ്കില്‍ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരബലി നടത്തിയത് എത് പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ലെന്നും സിപിഐഎം സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്. എല്ലാ പാര്‍ട്ടിക്കാരും ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്ത് വരണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനം ഭയത്തില്‍ കഴിയുമ്പോള്‍ പിണറായി വിജയന്‍ വിദേശ ടൂറിലാണെന്നായിരുന്നു വി മുരളീധരന്റെ വിമര്‍ശനം. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടുപോകുമെന്ന് അറിയിച്ചില്ല. മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here