തിരുവനന്തപുരം : സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വി,​സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി സർക്കാർ. രാജി വയ്ക്കേണ്ടെന്ന് വി.സിമാർക്ക് സർക്കാർ നിർദ്ദേശം നൽകും. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ദ്ധരുമായി സർക്കാർ കൂടിയാലോചന നടത്തും.

അതേസമയം വി,​സിമാർ രാജി വച്ചില്ലെങ്കിൽ ഗവർണറുടെ അടുത്ത നടപടി എന്തെന്ന് നിരീക്ഷിക്കുകയാണ് സർക്കാർ. വി,​സിമാരെ പുറത്താക്കി സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ഗവർണർ ചുമതല നൽകാനും സാദ്ധ്യതയുണ്ട്. സർവകലാശാലകളിലെ സീനിയ‍ർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.

 

അതിനിടെ രാജിവയ്ക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. രാജി വയ്ക്കില്ലെന്നും പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെയെന്നും കണ്ണൂർ വി.,​സി പ്രതികരിച്ചു. സാങ്കേതിക സർവകലാശാല വി,​സിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വി,​സിക്ക് കൈമാറിയിട്ടുണ്ട്.

 

സർവകലാശാല വി.സിമാരോട് നാളെ രാവിലെ 11.30ന് മുമ്പ് രാജി വയ്ക്കണമെന്നാണ് ഗവർണർ നിർദ്ദേശം നൽകിയത്. കേരള സർവകലാശാല,​ കൊച്ചി സർവകലാശാല,​ എം.ജി സർവകലാശാല,​ ഫിഷറീസ് സർവകലാശാല,​ കണ്ണൂർ സർവകലാശാല,​ സാങ്കേതിക സർവകലാശാല,​ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല,​ കാലിക്കറ്റ് ,​ മലയാളം സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഒൻപത് വി.സിമാരുടെയും രാജി ആവശ്യപ്പെട്ടത്. ഒൻപതിൽ അഞ്ച് വിസിമാരുടെയും നിയമനം യുജിസി ചട്ടം ലംഘിച്ചാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here