ആശ്രമം കത്തിച്ച സംഭവത്തിൽ സന്ദീപാനന്ദഗിരിയെ പരിഹസിച്ച് ബിജെപി നേതാവ് വി.വി രാജേഷ്. തന്റെ സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തൽ നടത്തിയ പ്രശാന്തിന് അധികം താമസിക്കാതെ ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്ന് വി.വി രാജേഷ് പറഞ്ഞു. കൂടുതൽ ഇപ്പോൾ പറയുന്നില്ല. കേസ് ശരിയായി അന്വേഷിക്കണമെങ്കിൽ ഉദ്യോഗസ്ഥർ പരലോകത്ത് പോകണം. സഹോദരൻ മരിച്ച് ഒരു വർഷമായിട്ടും പ്രശാന്ത് മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. മരണത്തിന് മുൻപ് അദ്ദേഹത്തിന് ഇക്കാര്യങ്ങൾ വെളിപ്പെടുത്താമായിരുന്നില്ലേ എന്നും വി.വി രാജേഷ് ചോദിക്കുന്നു.

ഷിബു ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഗൂഢാലോചനയാണ്. ഷിബുവിന്റെ വീട് ഔഷധി ഏറ്റെടുത്തു. ഷിബുവിനെ സർക്കാർ സഹായിക്കുകയാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് നാലര വര്‍ഷത്തിന് ശേഷം ഉണ്ടായത്.

തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ. പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here