ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലും നിയമസഭയില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. മുന്‍വിധിയോടെ ഗവര്‍ണര്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു.

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചെങ്കിലും എല്ലാ മന്ത്രിമാരുടെയും ഒപ്പ് ലഭിക്കുന്നതിനുള്ള താമസം വന്നിരുന്നു. ഓര്‍ഡിനന്‍സിന്മേലുള്ള ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകമാണ്.

അതിനിടെ, ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലും നിയമസഭയില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തില്‍ സര്‍വകലാശാല നിയമ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ ബില്‍ കൊണ്ടുവരുമ്പോള്‍ ഓര്‍ഡിനന്‍സിന് സാധുത ഇല്ലാതാകും. ബില്‍ കൊണ്ടുവരും മുന്‍പ് ഓര്‍ഡിനന്‍സ് രാജ്ഭവന്‍ രാഷ്ട്രപതിക്ക് അയക്കുകയോ മറ്റോ ചെയ്താല്‍ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

എന്നാല്‍, മുന്‍വിധിയോടെ ഗവര്‍ണര്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. ഒരു ഓര്‍ഡിനന്‍സ് കാണുന്നതിനു മുന്‍പ് താനത് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഒരു ഗവര്‍ണര്‍ക്ക്പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്യമായ കൂടിയാലോചനയോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അക്കാര്യത്തില്‍ ആരും തിടുക്കം കാണിക്കേണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here