കൊച്ചി: ബഫർസോണിൽ ഉപഗ്രഹ സർവേ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉപഗ്രഹ സർവേ അവ്യക്തമാണെന്നും നേരിട്ടുള്ള സർവേ ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബഫർസോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

‘കേന്ദ്ര സർക്കാരിന്റെ സംശയം തീർക്കാൻ സംസ്ഥാന സർക്കാരിനായില്ല. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണ്. വ്യക്തതയില്ലാത്ത ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. സർക്കാർ ഗൗരവരമായിത്തന്നെ കാണണം. വിഷയത്തിൽ കെ റെയിൽ മാേഡൽ സമരം സംഘടിപ്പിക്കും. വിവാദമായപ്പോഴാണ് പോരായ്മകൾ പഠിക്കുന്നത്. അതുവരെ റിപ്പോർട്ട് ഫ്രീസറിൽ വച്ചു’- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

അതേസമയം, ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത രംഗത്തെത്തി. മാപ്പ് അബദ്ധങ്ങൾ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ബഫർസോൺ വിഷയത്തിൽ സർക്കാർ മലയോര ജനതയുടെ വേദന മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർവ്വേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കർഷകർക്ക് ജീവിക്കാനുള്ള അവകാശമേ ഞങ്ങൾ ചോദിക്കുന്നുള്ളു. അത് ലഭിക്കുന്നതിന് വേണ്ടി സർക്കാർ തങ്ങൾക്കൊപ്പം നിൽക്കണം. രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെപ്പറ്റി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജനജാഗ്രത യാത്രകൾ നാളെ തുടങ്ങുമെന്നും ബിഷപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. ബഫർസോൺ വിഷയത്തിൽ ബത്തേരി നഗരസഭ പ്രമേയം പാസാക്കുകയും ചെയ്തു. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുൽത്താൻ ബത്തേരി നഗരമാകെ ബഫർസോൺ പരിധിയിലാണ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here