തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാരിന്റെ ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് നിർദേശം നൽകിയത്. കരുതൽ ഡോസ് ഉൾപ്പെടെ വാക്സിൻ എടുക്കാത്തവർ എല്ലാവരും വാക്സിൻ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കൊവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വേണം. ആശങ്ക വേണ്ട എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്.

 

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കൊവിഡ് രോഗലക്ഷണമുണ്ടെങ്കിൽ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. ആശുപത്രി അഡ്മിഷൻ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് ആശുപത്രി സൗകര്യങ്ങൾ കൂട്ടാനും മന്ത്രി നിർദേശം നൽകി.

 

എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡിഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here