കോട്ടയം: കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഫ്ളക്സില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ഉമ്മന്‍ചാണ്ടിയുടെ അനുയായിക്ക് മര്‍ദ്ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനുകുമാറിനാണ് മര്‍ദ്ദനമേറ്റത്. കല്ലുകൊണ്ട് ഇയാളുടെ പുറത്ത് ഇടിച്ചുവെന്നും പരാതിയുണ്ട്. ഡിസിസി ഓഫീസ് സെക്രട്ടറിയായ ലിബിന്‍ ആണ് മനുകുമാറിനെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

ബഫര്‍സോണ്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ജില്ലാ ഘടകം കോട്ടയത്ത് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഫ്ളക്സില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതാണ് കയ്യാങ്കളി വരെയെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ചിത്രം കോട്ടയത്തെ പരിപാടിയില്‍ ഒഴിവാക്കിയത് ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയെന്ന ആരോപണമാണ് എ ഗ്രൂപ്പിനുള്ളത്. ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ഉമ്മന്‍ചാണ്ടിയുടെ ചിത്രം എന്തുകൊണ്ട് പ്രതിഷേധ പരിപാടിയുടെ ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയില്ലായെന്നും മനുകുമാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തിയത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ മനുകുമാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി പ്രതിഷേധത്തിന്റെ ലക്ഷ്യത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നത്.

സര്‍ക്കാരിനെതിരെയുള്ള പല നീക്കങ്ങളും പാളിപ്പോകുന്നത് കോണ്‍ഗ്രസിനുള്ളിലെ യോജിപ്പില്ലായ്മയാണ് എന്ന വിമര്‍ശനവും ഗ്രൂപ്പുകള്‍ക്കിടയില്‍ ശക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here