സജി ചെറിയാന്‍ മന്ത്രിയായി ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

നിയമോപദേശങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും അനിശ്ചിതത്വം നിറഞ്ഞ നാളുകള്‍ക്കൊടുവിലാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. ഇടഞ്ഞു നിന്ന ഗവര്‍ണര്‍ അറ്റോണി ജനറലിന്റെ അടക്കം നിയമോപദേശത്തില്‍ വഴങ്ങിയതോടെ രാജിവെച്ചു 184 ാം ദിവസം സജി ചെറിയാന് മന്ത്രിസഭയിലേക്ക് വഴിയൊരുങ്ങി.

വൈകിട്ട് നാലിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനു മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാക്ഷ്യം വഹിക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമ്പോള്‍, ബിജെപി ഭരണഘടനാ ദിനമായി ആചരിക്കുകയാണ്. നിയമപരമായി നേരിടുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന. സജി ചെറിയാനെ മന്ത്രിയാക്കുന്നത് അസാധാരണ സാഹചര്യമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here