കളമശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതിളെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

വയനാട്/കൊച്ചി/കണ്ണുര്‍: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായ റിപ്പോര്‍ട്ടാണ് രാവിലെ പുറത്തുവന്നത്. പിന്നാലെ തൃശൂര്‍ ആളൂര്‍ സ്‌നേഹോദയ നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലും മൂവാറ്റുപുഴ ആതുരാശ്രമം വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലിനും ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പയ്യന്നൂരില്‍ പഴകിയ ചോറ് ഭക്ഷിച്ച ഒരു പശു ചത്തു. പത്തോളം പശുക്കള്‍ അവശനിലയിലായി.

ലക്കിടിയില്‍ ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഞ്ഞൂറോളം കുട്ടികളാണ് സ്‌കൂളില്‍ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ സ്രവ സാമ്പിളുകള്‍ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്.

 

ആളൂര്‍ സ്‌നേഹോദയ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ ഈ മാസം 26ന് വ്യാഴാഴ്ചയാണ് നൂറോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പലരേയും വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ഹോസ്റ്റലില്‍ തങ്ങുന്നവര്‍ നിരീക്ഷണത്തിലാണ്.

മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ ആതുരാശ്രമം വര്‍ക്കിംഗ് വിമണ്‍ േഹാസ്റ്റല്‍ ക്യാന്റീന്‍ പൂട്ടിച്ചു. നഗരസഭ ആരോഗ്യ വിഭാഗമാണ് ക്യാന്റനില്‍ പരിശോധന നടത്തിയ ശേഷം നടപടി സ്വീകരിച്ചത്. കഴിഞ്ഞ 27ന് ഹോസ്റ്റലില്‍ നിന്ന ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇന്നലെ മൂന്നു പേര്‍ക്ക് കൂടി അസ്വസ്ഥത ഉണ്ടായതോടെയാണ് നടപടി.

കണ്ണൂര്‍ പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ അവശനിയിലായി. മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന് മിച്ചം വന്ന ചോറ് പശുക്കള്‍ക്ക് നല്‍കിയിരുന്നു. പഴകിയ ചോറാണ് ഭക്ഷ്യവിഷബാധയ്ക്ക കാരണമെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ, കളമശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതിളെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here