തിരുവനന്തപുരം: നികുതി കൂട്ടിയതിനെതിരേ പ്രതിപക്ഷം തെരുവില്‍ വന്‍ പ്രതിഷേധം നടത്തുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. എന്നാല്‍ റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും 7100 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സി.എ.ജി. റിപ്പോര്‍ട്ട്. 12 വകുപ്പുകളിലായി അഞ്ചു വര്‍ഷ കാലയളവില്‍ 7100 കോടി രൂപയുടെ കുടിശിക പിരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനൊപ്പം 36 പേരുടെ നികുതി നിരക്ക് തെറ്റായി ചുമത്തി 18.57 കോടിയുടേയും യോഗ്യത ഇല്ലാത്ത ഇളവ് ക്ലെയിം ചെയ്തു നല്‍കി 11.09 കോടി രൂപയും നഷ്ടമുണ്ടാക്കി. തെറ്റായ നികുതി നിര്‍ണയം നടത്തിയത് മൂലം ഏഴ് കോടി രൂപ കുറച്ച് പൂരിപ്പിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.

 

വിദേശ മദ്യ ലൈസന്‍സ് ക്രമരഹിതമായി കൈമാറിയതിന്റെ പേരില്‍ 26 ലക്ഷം രൂപയും തെറ്റായ നികുതി പിരിവില്‍ ജിഎസ്ടിയില്‍ 11 കോടി നഷ്ടം വന്നതായും റിപ്പോര്‍ട്ടിലുണ്ട്. റവന്യൂ വരുമാനത്തില്‍ 18 കോടി രൂപയാണ് നഷ്ടം. നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കിയതിനെ തുടര്‍ന്ന് 26 ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-21 വര്‍ഷത്തില്‍ 49.16 ശതമാനം മാത്രമാണ് നികുതിയേതര വരുമാനം. ഇത് ബജറ്റ് മതിപ്പിനേക്കാള്‍ പകുതി മാത്രമാണ്. ഫ്‌ളാറ്റുകളുടെ മൂല്യനിര്‍ണയം നടത്തിയതിലും സ്റ്റാമ്പ് തീരുവയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഒന്നരക്കോടിയുടെ കുറവ് സിഎജി കണ്ടെത്തി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ഇന്ധന സെസ് വഴി 750 കോടി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായ ശ്രമം നടത്തുമ്പോഴാണ് 7000 കോടിയുടെ നഷ്ടകണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here