വിവാദങ്ങൾക്കിടെ ഇന്ന് കൂടിയ നിയമസഭാ സമ്മേളനത്തിലും, മാധ്യമങ്ങളുടെ ക്യാമറകൾക്ക് വിലക്ക് തുടരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സർക്കാരിനെതിരായ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും സഭയിൽ മാധ്യമ ക്യാമറകൾ അനുവദിച്ചിട്ടില്ല. നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല. ഇന്ധന സെസിൽ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം. പ്രതിഷേധ സൂചകമായി എം.എൽ.എമാരായ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും കറുത്ത വസ്ത്രത്തിൽ ആണ് സഭയിലെത്തിയത്. കൊച്ചിയിലെ പൊലീസ് നടപടിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുകയാണ് ഷാഫി പറമ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here