ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടുന്ന ഒരു മുസ്ലിം യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തിരുവനന്തപുരം പാറ്റൂർ തമ്പുരാൻ മുക്ക് സ്വദേശി അമിത് ഖാൻ ആണ് ചിത്രത്തിലുള്ളത്.

കുട്ടികാലം മുതലെയുള്ള തന്റെ ആഗ്രഹം സഫലമായി എന്നാണ് അമിത് പറയുന്നത്. അതിന് സഹായിച്ചത് മുൻ നഗരസഭ കൗൺസിലറും പാളയം ലോക്കൾ കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനുവാണ്. ഐ പി ബിനു ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയാവുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു. പക്ഷേ പലർക്കും അലോസരം ഉണ്ടാക്കിയിരുന്നതിനാൽ മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇക്കൊല്ലം പതിവുപോലെ പൊങ്കാല അർപ്പിക്കുന്നത് നോക്കിക്കാണാൻ ജനറൽ ആശുപത്രി ജങ്ഷനിലേക്ക് എത്തിയതായിരുന്നു.

എന്നാൽ ഇക്കൊല്ലം തന്റെ മനസിലെ വർഷങ്ങളായുള്ള ആഗ്രഹം ഉള്ളിലൊതുക്കാൻ കഴിഞ്ഞില്ല. സിഐടിയു-വിൻ്റെ നേതൃത്വത്തിൽ പൊങ്കാല അർപ്പിക്കാൻ സജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇത് കണ്ടപ്പോൾ വർഷങ്ങളായുള്ള തന്റെ ആഗ്രഹം മുൻ നഗരസഭ കൗൺസിലറും പാളയം ലോക്കൾ കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനുവിനോട് പറഞ്ഞു.

‘പിന്നെന്താ കൂടെ വാ’ എന്നായിരുന്നു ഐപി ബിനുവിന്റെ മറുപടി.പിന്നെ സ്ഥലത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായി അമിത് മാറി. തുടർന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിക്കൊപ്പം സിഐടിയു പ്രവർത്തകർ ഒരുക്കിയ പണ്ടാര അടുപ്പിൽ നിവേദ്യം അർപ്പിക്കാനും പൊങ്കാലനിവേദ്യത്തിനും അമിത് മുന്നിലുണ്ടായിരുന്നുവെന്നും ഐ പി ബിനു ഫേസ്ബുക്കിൽ കുറിച്ചു.

അടുത്ത വർഷവും പൊങ്കാല ഇടും, ഞാൻ മതവിശ്വാസിയാണ്, പക്ഷേ, എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപര്യം എന്ന് അമിത് ഖാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here