തിരുവനന്തപുരം: ഭരണത്തുടര്‍ച്ച എന്ന അപൂര്‍വതയില്‍ നിന്ന് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ പിന്നോട്ടുവലിക്കുന്ന ഏക ഘടകം സോളാര്‍ കേസും അതിലെ നായിക സരിതാ നായരുമായി പല നേതാക്കളും മാത്രമായിരുന്നുവെന്ന് യുഡിഎഫ് രഹസ്യസര്‍വേ. എങ്കിലും 80നും 82നും ഇടയ്ക്ക് സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നുതന്നെയാണ് മുന്നണിയുടെ ഇപ്പോഴത്തെ പ്രതീക്ഷ. 38 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ട് സീറ്റ് അധികം ലഭിക്കുമെന്നാണ് യു.ഡി.എഫ് നടത്തിയ സര്‍വ്വേയില്‍ പ്രതീക്ഷിക്കുന്നത്. മുസ്‌ലിം ലീഗ് 21 സീറ്റിലും ആര്‍.എസ്.പി രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് എട്ട് സീറ്റിലും ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. മന്ത്രി ഷിബു ബേബി ജോണും അനൂപ് ജേക്കബും ജയിച്ചുവരുമെന്ന വിശ്വാസത്തിലാണ് എണ്‍പതിനു മുകളില്‍ സീറ്റുകളോടെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നത്.

അനുകൂല ഘടകങ്ങളായി ഇവര്‍ കാണുന്നത് പ്രധാനമായും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ വികസനങ്ങളാണ്. ആഴ്ചയില്‍ ഒരു പാലം എന്ന നിലയില്‍ 256 പാലം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 624 കോടിയുടെ ധനസഹായം, കാരുണ്യ പദ്ധതിയിലൂടെ 1200 കോടിയുടെ സഹായം, സാമൂഹ്യ പെന്‍ഷനുകളിലൂടെ 30.3 ലക്ഷം ചെലവിട്ടു. ഇത്തരം സഹായ ധനങ്ങളും വികസന പ്രവര്‍ത്തനവും തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് യു.ഡി.എഫ് നിയോഗിച്ച
വിദഗ്ധര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

വിജയത്തിന് വഴിയൊരുക്കാനായി പിണറായി -വി.എസ് വിവാദം കഴിയുന്നത്ര പ്രയോജനപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. വെള്ളാപ്പള്ളി അടുത്ത കാലത്തായി ഉമ്മന്‍ചാണ്ടിയുമായി അടുപ്പത്തിലായത് പല മണ്ഡലങ്ങളിലും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലും യു.ഡി.എഫിനുണ്ട്. ഈ കണക്കുകൂട്ടലുകളെ സര്‍ക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളും ഇടതുപക്ഷത്തിന്റെ ഐക്യത്തോടെയുള്ള മുന്നേറ്റവും മുറിച്ചുകടക്കുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പിണറായി -വി.എസ് വിവാദം കഴിയുന്നത്ര മുതലെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ പീഡിപ്പിച്ചു എന്ന കേസ് കോടതിയില്‍ വരാനിരിക്കുകയാണ്. ഈ കേസില്‍ കോടതിയെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. 302-ാം വകുപ്പ് അനുസരിച്ച് കോടതി സാക്ഷികളെ ഹാജരാക്കാനും എന്‍ക്വയറിക്കും ഉത്തരവിടാം. അതല്ലെങ്കില്‍ 203-ാം വകുപ്പനുസരിച്ച് തള്ളിക്കളയാം. പരാതിക്കാരി നേരിട്ട് ഹാജരായി തെളിവ് നല്‍കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന ഭീതിയിലാണ് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും. ഈ കേസില്‍ കോടതി വിധി അനുകൂലമായാല്‍ വികസന നേട്ടങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്നാണ് യു.ഡി.എഫ് മനക്കോട്ട കെട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here