കൊച്ചി: സോണ്‍ടയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സിപിഎം ഭയപ്പെടുത്തുന്നുവെന്ന് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഭയപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്നെ ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും ഇതേ വിഷയത്തില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സോണ്‍ട തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ടോണി ചമ്മണി പറഞ്ഞു.

 

മുന്‍ എം.ഡി രാജ്കുമാര്‍ ചെല്ലപ്പനാണ് ഒരു സിനിമ നിര്‍മ്മാതാവായിരുന്ന ഇടനിലക്കാരന്‍ വഴി അന്ന് തന്നെ സമീപിച്ചതെന്ന് മുന്‍ മേയര്‍ പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റിനുള്ള ഇടപെടല്‍ തുടങ്ങിയത് 2008-ലാണെന്നും അതിനാല്‍ അന്ന് മുതല്‍ കോര്‍പ്പറേഷന്‍ ഈ വിഷയത്തില്‍ നടത്തുന്ന ഇടപെടല്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സോണ്‍ടയുടെ എതിരാളിയായ കമ്പനിയുടെ ഉടമ തന്റെ ബന്ധുവാണെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് സിപിഎം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നും ഏതു തരത്തിലുള്ള ബന്ധമാണ് ആ കമ്പനിയുമായി തനിക്കുള്ളതെന്ന് സിപിഎം തന്നെ പറയണമെന്നും മേയര്‍ വ്യക്തമാക്കി.

 

ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ടോണി ചമ്മണി പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ സംഘര്‍ഷത്തില്‍ കൗണ്‍സില്‍ യോഗത്തിനെത്തിയവരെ മര്‍ദിച്ച എ.സിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ പോലീസ് നടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ വനിത കമ്മീഷനടക്കം പരാതി നല്‍കുമെന്ന് ടോണി ചമ്മണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here