തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. മെയ് മാസത്തിലെ രണ്ടാമാഴ്ചയിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശക്തമായ സമരം നടത്താൻ ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനമായത്.

 

സർക്കാരിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിന് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം കൂടുമെന്നും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.

പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതിന് പിന്നാലെയാണ് യുഡിഎഫിന്റെ സമര പ്രഖ്യാപനമുണ്ടായത്.

 

അതേസമയം ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികൾ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here