കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ഏപ്രിൽ 12നകം നൽകാത്തപക്ഷം ചീഫ്​ സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട്​ ഹാജരാകണമെന്ന് ഹൈകോടതി. സമയബന്ധിതമായി പെൻഷൻ നൽകാൻ ഹൈകോടതി നിർദേശമുണ്ടായിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന്​ ആരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി കെ. അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​.

 

രണ്ടു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും രണ്ടു ദിവസത്തിനകം ഇത്​ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി വി.പി. ജോയി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നുമാണ്​ ഇടക്കാല ഉത്തരവ്​. ഹരജി ഏപ്രിൽ 12ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.

കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ വിതരണം മുടങ്ങിയതിനെ തുടർന്ന് നൽകിയ ഒരു കൂട്ടം ഹരജികളിലാണ്​ സമയബന്ധിതമായി പെൻഷൻ നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്​. മാസത്തിലെ ആദ്യ ആഴ്‌ച തന്നെ നൽകണമെന്നും കഴിയുമെങ്കിൽ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ നൽകണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവുണ്ടായിട്ടും പെൻഷൻ വിതരണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ ഹരജി.

ഹരജി പരിഗണിച്ച മാർച്ച് 16 മുതൽ നിലപാട് അറിയിക്കാൻ കെ.എസ്.ആർ.ടി.സി സമയം തേടിയിരുന്നു. മാർച്ച് 20ന് ഹരജി പരിഗണിച്ചപ്പോൾ പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ചില വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്നായി വിശദീകരണം. വീണ്ടും ഒരാഴ്‌ച കൂടി സമയം അനുവദിച്ചെങ്കിലും മാർച്ച് 28നും 31നും ഹരജി പരിഗണനക്ക്​ വന്നപ്പോൾ വീണ്ടും സമയം തേടിയതായും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here