മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ റിവ്യൂ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. നിലവില്‍ ചെന്നൈയിലുള്ള ആര്‍ എസ് ശശികുമാര്‍ ഫോണിലൂടെയാണ് ലോകായുക്ത നടപടിയെ വിമര്‍ശിച്ചത്. പ്രതീക്ഷിച്ച വിധിയാണിതെന്നും ശശികുമാര്‍ വ്യക്തമാക്കി. തിരക്കഥ തയ്യാറാക്കിയാണ് ലോകായുക്ത ഹര്‍ജി തള്ളിയതെന്നും ഇത് താന്‍ മുന്‍കൂട്ടി കണ്ടിരുന്നെന്നും ആര്‍ എസ് ശശികുമാര്‍ പറഞ്ഞു.

കേസിന്റെ വാദം ഫുള്‍ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആര്‍ എസ് ശശി കുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് തള്ളിയത്. എന്ത് കൊണ്ടാണ് രണ്ട് അംഗ ബെഞ്ചിന് ഈ കേസ് വിട്ടതെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയും ഉപലോകായുക്തയും ഹര്‍ജി തള്ളിയത്. റഫറന്‍സുകള്‍ ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും രണ്ട് അംഗ ബെഞ്ച് അറിയിച്ചു.

കേസ് ഒരു വര്‍ഷം വെച്ചുകൊണ്ടിരുന്നതല്ലെന്നും അത്യപൂര്‍വമായ വിധിയല്ല വന്നതെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. രണ്ടംഗ ബെഞ്ച് ആദ്യം ഈ കേസ് പരിശോധിച്ചത് അതിന്റെ സാധുത അറിയാന്‍ വേണ്ടിയായിരുന്നു. അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴില്‍ വരില്ലയെന്നത് വാദം നടക്കുമ്പോഴാണ് എതിര്‍ കക്ഷികള്‍ ഉന്നയിക്കുന്നത്. തുടര്‍ന്ന്, രണ്ട് അംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. തുടര്‍ന്നാണ് ഇത് വിശാല ബെഞ്ചിന് വിട്ടതെന്ന് അവര്‍ വ്യക്തമാക്കി. ഉച്ചക്ക് ശേഷം ഫുള്‍ ബെഞ്ച് ഹര്‍ജി കേള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here