പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തി. സന്ദര്‍ശനം പ്രമാണിച്ച് കൊച്ചി നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

5:30 ന് തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനം വരെ 1.8 കിലോമിറ്റര്‍ റോഡ് ഷോ നടക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത് അതിനാല്‍ റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പിന്നീട് തേവര എസ് എച്ച് കോളജിലെത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം പരിപാടി നടക്കും. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച.

2600 പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here