മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. നാളെ ആനയെ ഇവിടെ നിന്നും ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

 

ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം പുനരാരംഭിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് സംഘം അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെയും ആനയെ പിടികൂടാനായില്ലെങ്കില്‍ ഞായറാഴ്ചയും ദൗത്യം തുടരുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ദൗത്യം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയും ചിന്നക്കനാല്‍ പ്രദേശത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയെങ്കിലും അതും വിഫലമായി.

 

എന്നാല്‍ രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളില്‍ ഉള്‍പ്പെടെ പ്രചരിച്ചതുമായ ദൃശൃങ്ങള്‍ മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. അരിക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പം നില്‍ക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഇന്നലെ വരെ 301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാല്‍, ദൗത്യസംഘം കാട്ടിലേക്കിറങ്ങിയതിന് പിന്നാലെ അരിക്കൊമ്പന്‍ അപ്രത്യക്ഷമായി. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും ഈ ദൗത്യവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here