ഇടുക്കി ചിന്നക്കനാലിൽ നിന്ന് കുമിളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും കേരളത്തിലെ ആ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച. കേരളത്തിലെ റോഡുകൾ ലോക ശ്രദ്ധ നേടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കോഴിക്കോട് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാവുകയാണ്. പേരാമ്പ്ര ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്. കിഫ്ബി പദ്ധതിയില്‍ പെടുത്തി 58.29 കോടി രൂപ ചെലവിൽ നിർമ്മിച്ച ബൈപാസിന് 2.73 കിലോ മീറ്റര്‍ ദൂരവും 12 മീറ്റര്‍ വീതിയുമുണ്ട്. 13 ഇടങ്ങളിൽ ലിങ്ക്റോഡും 109 കൂറ്റൻ തെരുവുവിളക്കുകളും ബൈപാസിലുണ്ട്. 27.96 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവഴിച്ചത്.

997 സെന്റ് ഭൂമി ബൈപാസിനായി ഏറ്റെടുക്കാൻ വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. 2008ൽ ആരംഭിച്ച് 2010ൽ പൂർത്തിയാകേണ്ടിയിരുന്ന ബൈപാസ് 12 വർഷം വൈകിച്ചത് നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടൽ മൂലമാണ്. സുപ്രീം കോടതി ബൈപാസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് ബൈപാസ് നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞത്. എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് പേരാമ്പ്ര ബൈപാസ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടത്. 2021 ഫെബ്രുവരി 14 ന് പ്രവൃത്തി ഉദ്ഘാടനം ചെയ്യപ്പെട്ട ബൈപാസ് ഇന്ന് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

ബൈപാസ് തുറക്കുന്നതോടെ പേരാമ്പ്ര ടൗണിലെ വീർപ്പുമുട്ടലും ട്രാഫിക് ബ്ലോക്കുമെല്ലാം അവസാനിക്കുകയാണ്. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി പേരാമ്പ്ര ബൈപാസ് റോഡ് മാറും.

LEAVE A REPLY

Please enter your comment!
Please enter your name here