തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ഡിമാന്റുള്ള മദ്യമായ ജവാന്റെ ഉത്‌പാദനം ഇരട്ടിയാക്കുമെന്ന് ബെവ്‌കോ. മേയ് രണ്ടാം വാരം മുതലാണ് ഉത്‌പാദനം വർദ്ധിപ്പിക്കുന്നത്. ഇനി മുതൽ ഒരു ലിറ്ററിന് പുറമേ അര ലിറ്ററിന്റെ ജവാനും ലഭ്യമാകും.

ജവാൻ ട്രിപ്പിൾ എക്‌സ് റം എന്ന പുതിയ മദ്യവും ഔട്ട്‌ലെറ്റുകളിലെത്തും. ഇതിന് നിലവിലുള്ളവയേക്കാൾ വില കൂടുതലായിരിക്കുമെന്നാണ് വിവരം. നിലവിൽ ഒരു ലിറ്റർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടുന്നതിനോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിലുള്ള പ്ലാന്റിന്റെ ശേഷി കൂട്ടിയായിരിക്കും ഉത്പാദനം വർദ്ധിപ്പിക്കുക.

ദിനംപ്രതി 8000 കേയ്‌സ് ആണ് നിലവിൽ ജവാൻ ഉത്പാദിപ്പിക്കുന്നത്. ഇത് 15,000 കേയ്‌സ് ആയി ഉയർത്തും. ലീഗൽ മെട്രോളജിയുടെ നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂ‌ർത്തിയാകാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here