കൊച്ചി: തനിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നം സുരേഷ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ്, തനിക്കെതിരെ പരാതി നൽകിയ ഗോവിന്ദനെ സ്വപ്ന കോടതിയിലേക്കു സ്വാഗതം ചെയ്തത്. ‘ഇനി നമുക്ക് കോടതിയിൽ കാണാ’മെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷിനെതിരെ ഗോവിന്ദൻ നൽകിയ അപകീർത്തി പരാതി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. പരാതിക്കാരനായ ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

ഐപിസി 120ബി, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും മാനഹാനി വരുത്തിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണു ഗോവിന്ദന്റെ പരാതിയിലെ ആവശ്യം. സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം ഉണ്ടാക്കിയെന്നാണ് എം.വി.ഗോവിന്ദന്റെ പരാതിയിൽ പറയുന്നത്. 

സ്വപ്നയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഗോവിന്ദൻ… കോടതിയിലേക്കു സ്വാഗതം.

ഗോവിന്ദൻ, ഇനി നമുക്ക് കോടതിയിൽ കാണാം.

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.

എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.

ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.

ഇതിനൊപ്പം ഇംഗ്ലിഷിലും സ്വപ്ന ഒരു വരി കുറിച്ചിട്ടുണ്ട്. അതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ:

ഇത്തവണ മലയാളത്തിലാണ് എന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദനു വേണ്ടി മാത്രമുള്ളതാണല്ലോ. എനിക്കു പറയാനുള്ളത് അദ്ദേഹം ഏറ്റവും കൃത്യമായിത്തന്നെ മനസ്സിലാക്കണം. അതിനാണ് ഇത്.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഈ വിഷയത്തിൽ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് പൊലീസിൽ നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി ആറു മാസത്തേക്കു സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് എം.വി.ഗോവിന്ദന്റെ തുടർ നിയമനടപടി.

LEAVE A REPLY

Please enter your comment!
Please enter your name here