സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എകെ ബാലൻ. പ്രതിപക്ഷത്തിന് എന്തോ അസുഖം ഉണ്ട് എന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഒരു കെപിസിസി ഭാരവാഹി ഇപ്പോൾ ജയിലിലാണ് ഉള്ളത്. അതാണ് ഇപ്പോൾ ഈ വിഷയം ഉയർത്തിക്കൊണ്ടു വരാൻ കാരണമെന്നും എകെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്പോൺസർ എന്ന് പറഞ്ഞാൽ എന്താണ് എന്നത് ആദ്യം മനസ്സിലാക്കണമെന്ന് എകെ ബാലൻ പറഞ്ഞു. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്. ഇതിനു മുൻപ് ഇവർ ആരും സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ? എന്തിനാണ് പ്രതിപക്ഷത്തിന് ഈ അസൂയ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു സംഗമമാണ് ഇത്. വിദേശത്തുള്ള മലയാളികൾ വലിയ രീതിയിൽ സ്വീകരിച്ച ഒന്നാണ് ലോക കേരള സഭ.

പ്രവാസികളെ അപമാനിച്ചവരാണ് പ്രതിപക്ഷം. പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അത് വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇത് ഒരു അസുഖമാണ്. അത് പെട്ടെന്നൊന്നും മാറുകയില്ല. പണം പിരിക്കുകയല്ല. സ്പോൺസർഷിപ്പ് അല്ലേ. കേരളത്തിൽ എത്ര സ്പോൺസർമാരെ വെച്ച് സാമ്പത്തിക സഹായം വാങ്ങിയിട്ടുണ്ട്. അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതാണ് നോക്കുന്നത്. പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനം ഉണ്ട്. ഇവിടുള്ള പണം എടുക്കാനും പറ്റില്ല, സ്പോൺസർഷിപ്പ് നൽകിയാൽ സ്വീകരിക്കാനും പറ്റില്ല എന്ന നിലപാട് ശരിയല്ല.

ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണപ്പിരിവ് നടത്തിയെന്ന് ആരോപണം നോർക്ക വെസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തള്ളിയിരുന്നു. പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ എന്നും പണം പിരിക്കുന്നത് സ്പോൺസർഷിപ്പിന് വേണ്ടിയെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഈമാസം ഒമ്പതു മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ താരനിശ മാതൃകയിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് നോർക്ക വൈസ് ചെയർമാൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here