ജ്യോതി ലാബ്‌സ് സ്ഥാപകനായ എം.പി രാമചന്ദ്രന്റെ ജീവചരിത്രം ‘വൈറ്റ് മാജിക്’ പ്രകാശനം ചെയ്തു. ധനം പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്സിലര്‍ വെഞ്ച്വേഴ്സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പുസ്തകം പ്രകാശനം നിര്‍വഹിച്ചു. ആദ്യ കോപ്പി വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഏറ്റു വാങ്ങി. പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ടി.എസ് പ്രീതയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ ജ്യോതി രാമചന്ദ്രന്‍, മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കമ്മത്ത്, ശാന്തകുമാരി രാമചന്ദ്രന്‍, ധനം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, മാധ്യമപ്രവര്‍ത്തക പ്രീത ടി.എസ് എന്നിവര്‍ പങ്കെടുത്തു.


കേരളത്തിലെ എണ്ണം പറഞ്ഞ സംരംഭകരില്‍ ഒരാളായ എം.പി.രാമചന്ദ്രന്റെ ബിസിനസ് ഫിലോസഫി, വിജയരസതന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം പുസ്തകം അനാവരണം ചെയ്യുന്നു. സംരംഭകര്‍ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കുമെന്ന് പുസ്തകം അവതരിപ്പിച്ച ഉല്ലാസ് കമ്മത്ത് പറഞ്ഞു. ബിസിനസ് വിജയിക്കാന്‍ നിരന്തര പഠനം ആവശ്യമാണെന്ന് മറുപടി പ്രസംഗത്തില്‍ എം.രാമചന്ദ്രന്‍ സംരംഭകരെ ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here