കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാനനഷ്‌ടക്കേസ് നൽകുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പിനോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

മോൻസൺ മാവുങ്കലിനെ കെ സുധാകരൻ തള്ളിപ്പറയാൻ തയ്യാറാകാത്തത് അദ്ദേഹത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തുവരുമോ എന്ന ഭയംകൊണ്ടാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. 35 വർഷത്തെ തടവും മൂന്ന് ജീവപര്യന്തവുമായി കിടക്കുന്ന മോൻസണെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്ന് ചോദ്യം ചെയ്യലിനിടെ ചോദിച്ചപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അയാൾ എന്തെങ്കിലും വിളിച്ചുപറയും എന്നാണ് കെ.സുധാകരൻ പ്രതികരിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

‘മോൻസന്റെ കേസ് ഒരു രാഷ്‌ട്രീയ കേസല്ല തട്ടിപ്പ് കേസും വഞ്ചനാകേസുമാണ്. അത് രാഷ്‌ട്രീയപരമായി നേരിടുമെന്നാണ് പറയുന്നത്.’ എന്ത് രാഷ്‌ട്രീയമായാണ് നേരിടുകയെന്ന് എം.വി ഗോവിന്ദൻ ചോദിച്ചു. ‘ഇനി എന്തെല്ലാമാണ് മോൻസൺ വിളിച്ചുപറയാൻ ബാക്കിയുള്ളത്? മുഴുവൻ കാര്യങ്ങളും പുറത്തേക്ക് വരുമെന്ന കാര്യത്തിൽ സംശയമില്ല.’ എം.വി ഗോവിന്ദൻ പറഞ്ഞു. എൻ.ജി.ഒ യൂണിയൻ പരിപാടിയിൽ പ്രസംഗിക്കവെയാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ ആരോപിച്ചത്.

‘എനിക്കെതിരെയും ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്നാണ് പറഞ്ഞത്. കേസെല്ലാം നേരിട്ടോളാം. അതൊന്നും കാണിച്ച് ഭയപ്പെടുത്തണ്ട. ഓലപ്പാമ്പ് കാണിച്ചാൽ തകർന്നുപോകുന്നതല്ല ദേശാഭിമാനിയും സിപിഎമ്മും’ ഗോവിന്ദൻ പറഞ്ഞു.

‘ഇത്രയെല്ലാമായിട്ടും കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിർത്തണോയെന്ന് കോൺഗ്രസുകാരാണ് തീരുമാനിക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. പക്ഷെ വി.ഡി സതീശൻ അതിനെക്കുറിച്ച് പറഞ്ഞത് മരിച്ചാലും കൈവിടില്ലെന്നാണ്. അതിനർത്ഥം മനസിലായി. ഇപ്പോ സുധാകരനെ കൈവിട്ടാൽ നാളെ സ്വാഭാവികമായി പ്രതിപക്ഷ നേതാവിനെയും കൈവിടേണ്ടിവരും.’ എം.വി ഗോവിന്ദൻ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here