ലഹരി വിൽപ്പനക്കാരെ പിടികൂടാനുള്ള സംസ്ഥാന വ്യാപക പരിശോധനക്ക് പിന്നാലെ പൊലീസുകാരുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ പുതിയ തന്ത്രവുമായി പൊലീസ് . പൊലീസുകാർ ഡ്യൂട്ടിക്കിടെ ലഹരി ഉപയോഗിച്ചാൽ യൂണിറ്റ് മേധാവിമാർ ക്കെതിരെ നടപടിയെടുക്കും. പൊലീസ് സേനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെ നേർവഴിക്ക് നടത്താൻ യൂണിറ്റ് മേധാവിമാർ ശ്രദ്ധിക്കണമെന്നും കാണിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ ലഹരി വിൽപ്പനക്കാരെയും ഇടനിലക്കാരെയും കയ്യോടെ പിടി കൂടാനുള്ള സംസ്ഥാന വ്യാപക പരിശോധനയാണ് ശനിയാഴ്ച നടന്നത്. അതേ ദിവസം തന്നെ പൊലീസുകാരുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാൺ ഇടാൻ പുതിയ തന്ത്രവും ആവിഷ്കരിച്ചിരിക്കുകയാണ്.ഏതെങ്കിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയാൽ ഇനി പണി കിട്ടാൻ പോകുന്നത് ആ ഉദ്യോഗസ്ഥന് മാത്രമായിരിക്കില്ല.സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർക്കും നടപടി ഉണ്ടാകും.ഇനി ഇൻസ്പെക്ടർ ആണ് ലഹരി ഉപയോഗിച്ചതെങ്കിൽ തൊട്ടുമുകളിലുള്ള ഡിവൈഎസ്പി മാർക്കും എസ്പിക്കും ഒക്കെ പണി കിട്ടും.അതായത് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ലഹരി ഉപയോഗിച്ചാൽ വകുപ്പ് മേധാവിയും കുടുങ്ങും എന്നർത്ഥം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊലീസുകാർ ഡ്യൂട്ടിക്കിടെ ലഹരി ഉപയോഗിക്കുന്നതും അതുമൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധയിൽപ്പെട്ടതായി പറയുന്നു.അത്തരം സന്ദർഭങ്ങൾ പൊലീസിനും സർക്കാരിനും നാണക്കേട് ആയതുകൊണ്ട് ലഹരി ഉപയോഗത്തിന് പൂർണമായും തടയിടുകയാണ് പുതിയ നിർദ്ദേശത്തിന്റെ ലക്ഷ്യം എന്നുമാണ് വിശദീകരണം.ഇത്തരത്തിൽ പ്രശ്നക്കാരാകാൻ സാധ്യതയുള്ള ഉദ്യോഗസ്ഥരെ എല്ലാ വകുപ്പ് മേധാവികളും മുൻകൂട്ടി തിരിച്ചറിയണമെന്നും അവർക്ക് കൗൺസിലിംഗ് ഉൾപ്പെടെ നൽകി നേർവഴിക്ക് നയിക്കേണ്ടത് യൂണിറ്റ് മേധാവിയുടെ കൂടി ഉത്തരവാദിത്വം ആണെന്നും എ ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here