പിജി ഡോക്ടറുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. വനിത ശിശു വികസന ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. സ്ത്രീധനതര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആക്ഷേപത്തിലാണ് അന്വേഷണം . യുവ ഡോക്ടറുടെ ആത്മഹത്യ ദു:ഖിപ്പിക്കുന്നതെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. വിവാഹമാണ് എല്ലാത്തിന്റെയും അവസാനമെന്ന് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും ചിന്തിക്കുന്നന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഗുരുതര ആരോപണവുമായി കുടുംബം

സ്ത്രീധനത്തെ ചൊല്ലി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്നതിനിടെ വീണ്ടുമൊരു ഇര കൂടിയാണ് ഷഹന. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹന (26). ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നു. പിന്നീട് വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തി. തുടര്‍ന്നാണ് സ്ത്രീധനം വില്ലനായെത്തിയത്.

‘വിവാഹം നടക്കണമെങ്കില്‍ ഭീമമായ തുക സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതു കൊടുത്തില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. 150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാര്‍ എന്നിങ്ങനെയാണ് വിവാഹം നടത്താനായി സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹനയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും വിവാഹം നടത്താന്‍ തയാറായില്ല. വിവാഹത്തില്‍ നിന്ന് പിന്മാറി.’ ഇത്രയും നാള്‍ സ്നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹനയെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് കുടുംബം ആരോപിച്ചു.

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന നൊമ്പരകുറിപ്പും ബാക്കിവച്ചാണ് ഷഹന യാത്രയായത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ മരുന്നു കുത്തിവച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി ജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് പരാതി. മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here