മാവേലിക്കരയില്‍ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പുന്നമൂട് സ്വദേശി ശ്രീമഹേഷാണ് കൊല്ലം ശാസ്താംകോട്ടയില്‍ വച്ച് മെമു ട്രെയിനില്‍ നിന്ന് ചാടിയത്. പ്രതിയെ ആലപ്പുഴ കോടതിയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രിയാണ് കോടാലി ഉപയോഗിച്ച് ആറുവയസുകാരിയായ മകളെ ശ്രീമഹേഷ് കൊലപ്പെടുത്തിയത്. കേസില്‍ ജനുവരി പതിനാറിന് സാക്ഷിവിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതി ജീവനൊടുക്കിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ശ്രീമഹേഷിനെ ആലപ്പുഴ കോടതിയില്‍ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനാണ് കൊണ്ടുവന്നത്. കോടതി നടപടി പൂര്‍ത്തിയാക്കിയശേഷം തിരികെ തിരുവനന്തപുരം ജയിലിലേക്ക് മെമു ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് 2.50 ന് ശാസ്താംകോട്ടയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്ന രണ്ടു പൊലീസുകാരെ തളളിമാറ്റി ശ്രീമഹേഷ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എടുത്തുചാടി.

പ്രതി തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ ജൂണില്‍ നക്ഷത്രയെ കൊലപ്പെടുത്തിയതിന് പിന്നാലെ മാവേലിക്കര സ്പെഷല്‍ ജയിലിലേക്ക് റിമാന്‍‍ഡ് ചെയ്തപ്പോഴും ശ്രീമഹേഷ് ബ്ളേ‍ഡ് ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ ഉറപ്പാക്കുന്നതിനാണ് തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയത്. ആദ്യ ഭാര്യയുടെ മരണശേഷം പുനർ വിവാഹിതനാകുവാനുളള ശ്രീമഹേഷിന്റെ താല്‍പര്യത്തിന് മകള്‍ തടസ്സമാകുന്നു എന്ന് കണ്ടാണ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിക്കെതിരെ ഉണ്ടായിരുന്ന പ്രോസിക്യൂഷൻ കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here