കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ അതിദാരുണമായ കൊലപാതകം കുറ്റവാളികളുടെ നീതി നടപ്പാക്കുന്നതു സംബന്ധിച്ച ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ശക്തിപ്പെടുത്തുന്നു. വികലമായ മനസുള്ള കൊടുംകുറ്റവാളികള്‍ക്കുമാത്രം നടപ്പാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ സമാനമായ മറ്റൊരു കേസിലെ പ്രതിയുടെ ജയില്‍ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് കുറ്റവാളികള്‍ക്ക് നമ്മുടെ നിയമസംവിധാനം നല്‍കന്ന പരിരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നത്. ജിഷയുടെ ഘാതകനാര് എന്നുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ത്തന്നെയാണ് ഗോവിന്ദച്ചാമിയെന്ന കൊടുംക്രൂരന്‍റെ ജീവിതം മാധ്യമങ്ങള്‍ തേടിപ്പിടിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താംബ്ലോക്കില്‍ ഇരുന്നൊരാള്‍ ഈ വാര്‍ത്തകളെല്ലാം അറിഞ്ഞുകൊണ്ട് തനിക്ക് വിധിക്കപ്പെട്ട മരണത്തെ കാത്തു കിടക്കുകയാണ് കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി.

ദിവസവും രണ്ടു തമിഴ് പത്രങ്ങള്‍ വായിക്കുന്ന ഗോവിന്ദച്ചാമി ജിഷയുടെ കൊലപാതക വിവരം അറിഞ്ഞതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെപ്പറ്റി ആരോടും സംസാരിക്കാനോ എന്തെങ്കിലും കാര്യങ്ങള്‍ പങ്കുവെക്കാനോ ഗോവിന്ദച്ചാമി തയ്യാറായിട്ടില്ലെന്നും സഹ തടവുകാരോടും ജയില്‍ അധികൃതരോടും മിതത്വം പാലിക്കുകയാണ് അയാളെന്നുമാണ് വിവരങ്ങള്‍. 2011 ഫെബ്രുവരി ഒന്നിനാണു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. രാത്രി 8.40 നായിരുന്നു വള്ളത്തോള്‍ നഗറിനു സമീപം റെയില്‍വേട്രാക്കില്‍ പരുക്കേറ്റു കിടക്കുന്ന സൗമ്യയെ കണ്ടത്. തൊട്ടടുത്തു ദിവസം തന്നെ തമിഴ്നാട്ടുകാരനായ ഗോവിന്ദച്ചാമിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാര്‍ച്ച് നാലിനു മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ബി.എ. ആളൂര്‍ വാദിക്കാനായി രംഗത്തെത്തിയത് മുതല്‍ ഗോവിന്ദച്ചാമി കുപ്രസിദ്ധനായി. തൃശൂര്‍ അതിവേഗകോടതി വധശിക്ഷയ്ക്കു വിധിച്ചശേഷം ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി.

വധശിക്ഷ റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. കേസിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വധശിക്ഷയ്ക്കു വിധിച്ചവര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ജയിലില്‍ ചാമിക്ക് ലഭിക്കുന്നുണ്ട്. ശാരീരികാധ്വാനമുള്ള ഒരു ജോലിയും ചാമി ഇപ്പോള്‍ ജയിലില്‍ ചെയ്യേണ്ടതില്ല. മറ്റുളളവര്‍ ജോലി ചെയ്യുമ്പോള്‍ കാഴ്ചക്കാരനാണ് ഇപ്പോള്‍ ഗോവിന്ദച്ചാമി.നേരത്തെ ജയിലില്‍ അക്രമാസക്തനാകുകയും ബിരിയാണിക്ക് വേണ്ടി വരെ മുറവിളി കൂട്ടുകയും ചെയ്ത ഗോവിന്ദച്ചാമി ജയിലില്‍ നിന്നും യോഗ പഠിച്ചശേഷം  ആരുമായി ചൂടാകുകയോ ഭക്ഷണത്തിനായി തട്ടിക്കയറുകയോ ചെയ്യുന്നില്ല. കൃത്യമായി ഭക്ഷണവും ലഭിക്കുന്നുണ്ട്. ജയിലിലെ മെനുവില്‍ ചാമി ഇപ്പോള്‍ സംതൃപ്തനാണ്. കൂടാതെ അഞ്ചുവര്‍ഷത്തെ ജയില്‍വാസം ഒട്ടനവധി മാറ്റങ്ങള്‍ അയാളില്‍ വരുത്തിയെന്നും ജയിലധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ എഴുന്നേറ്റാല്‍ സ്വന്തം വസ്ത്രങ്ങള്‍ അലക്കും. പിന്നീട് ജയിലില്‍ വരുത്തുന്ന തമിഴ്പത്രങ്ങള്‍ വായിക്കും. ഇടയ്ക്ക് ടിവി കാണും. മലയാളം പരിപാടികള്‍ കണ്ട് ചാമിയും ഇപ്പോള്‍ മറ്റുതടവുകാര്‍ക്കൊപ്പമിരിക്കും. ചാമിയെ കാണാന്‍ പുറത്തു നിന്നും അഭിഭാഷകന്‍ മാത്രമാണ് എത്താറുള്ളത്. നാട്ടിലെ സഹോദരനെ മാത്രമാണു ചാമി ജയിലിലെ ഫോണ്‍ വഴി ബന്ധപ്പെടുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെന്ന നിലയില്‍ ജയിലിനുള്ളില്‍ ജോലിക്കൊന്നും ചാമിയെ നിയോഗിക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here