വെനീസ്, പ്രാഗ്, വാന്‍കൂവര്‍, മോസ്‌കോ, കൊളംബോ, ഹവാന, കൊച്ചി ബിനാലെകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പ്രസിദ്ധ കലാകാരന്റെ കേരളത്തിലെ ആദ്യ സോളോ ഷോ

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മലയാളി കലാകാരന്‍ ടി വി സന്തോഷിന്റെ വിവിധ മാധ്യമങ്ങളിലുള്ള കലാസൃഷ്ടികളുടെ സോളോ പ്രദര്‍ശനം – ഹിസ്റ്ററി ലാബ് ആന്‍ഡ് ദി എലജി ഓഫ് വിസെറല്‍ ഇന്‍കാന്റേഷന്‍സ് – ഇന്ന് വൈകീട്ട് കേരള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ആരംഭിക്കും. വൈകീട്ട് 6 മണിക്ക് എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. ദര്‍ബാര്‍ ഹാളിലെ രണ്ട് ഗാലറിയിലായി വുഡ്, ഓയില്‍, വാട്ടര്‍കളര്‍ എന്നീ വിവിധ മാധ്യമങ്ങളില്‍ മുപ്പതോളം ചിത്രങ്ങളും ശില്‍പ്പങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനം തൃശൂര്‍ കയ്പമംഗലം സ്വദേശിയായ സന്തോഷിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനമാണ്.

വെനീസ്, പ്രാഗ്, വാന്‍കൂവര്‍, മോസ്‌കോ, കൊളംബോ, ഹവാന, കൊച്ചി ബിനാലെകളിലും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സന്തോഷിന്റെ വലിയ രാഷ്ട്രീയ മാനങ്ങളുള്ളതും ലോകപ്രസിദ്ധവുമായ കലാസൃഷ്ടികള്‍ക്ക് ആതിഥ്യമൊരുക്കുവാനയതില്‍ അക്കാദമിക്ക് ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു. അക്കാദമി കേരളത്തില്‍ ആതിഥ്യമരുളുന്ന കലാപ്രദര്‍ശനങ്ങളിലെ ഒരു നാഴികക്കല്ലാണ് ഹിസ്റ്ററി ലാബ് ആന്‍ഡ് ദി എലജി ഓഫ് വിസെറല്‍ ഇന്‍കാന്റേഷന്‍സ്, അദ്ദേഹം പറഞ്ഞു.

പ്രദര്‍ശനം മെയ് 20 വരെ നീണ്ടു നില്‍ക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് ഗാലറി സമയം.