തിരുവനന്തപുരം: ഒരൊറ്റ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം വരെ ഉപേക്ഷിക്കേണ്ടിവന്നയാളാണ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള. അതുകൊണ്ടും പിള്ളാച്ചന്‍ പാഠം പഠിച്ചുവെന്ന് കരുതേണ്ട. കമുകുംചേരിയിലെ എന്‍എസ്എസ് കരയോഗവാര്‍ഷികത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇതിന് അടിവരയിടുകയും ചെയ്യുന്നു.’തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത് എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല.

ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്‌ളെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ പിള്ള തുടര്‍ന്നു. എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് എം.ബി. ഗോപിനാഥപിള്ള അധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി അശോക്കുമാര്‍, മോഹനന്‍പിള്ള, രാജന്‍, കെ. ബാബു, രാജമ്മ മോഹന്‍, അഖില്‍ എന്നിവര്‍ സംസാരിച്ചു.

1986ലാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രശ്‌നഭരിതമായ കാലഘട്ടത്തിന് കാരണമായിമാറിയ പഞ്ചാബ് മോഡല്‍ പ്രസംഗം പിള്ള നടത്തിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച റെയില്‍വേ വാഗണ്‍ ഫാക്ടറി നാടകീയമായി പഞ്ചാബിന് മറിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പഞ്ചാബികളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അന്ന് ഒന്നായിരുന്ന കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ വച്ച് ആര്‍ ബാലകൃഷ്ണപിള്ള കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു നിര്‍ബന്ധിതരാകുമെന്ന് പ്രസ്താവിച്ചു. പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മുഖമന്ത്രി കരുണാകരന്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here