തൃശൂര്‍: തൃശൂരിലെ പുലജന്മം ചാത്തുണ്ണിയേട്ടന്‍ ബിബിസിയില്‍ ഉടന്‍ പ്രത്യക്ഷപ്പെടും. തൃശൂരിലെ തനി നാട്ടിന്‍പുറത്തുകാരനായ ചാത്തുണ്ണിയുടെ ഷഷ്ടിപൂര്‍ത്തി തികയുന്ന ‘പുലിജന്മ’ത്തിനും 76 പിന്നിട്ട മനുഷ്യജന്മത്തിനും പിന്നാലെ, ആ ഇരട്ടജീവിതം പകര്‍ത്തിയെടുത്ത് ലോകത്തെ അറിയിക്കുകയാണ് ബി.ബി.സി. അതേസമയം, പിറന്ന നാട്ടില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ പുലിക്കളി സംഘമുണ്ടാക്കിയിരിക്കുകയാണ് അയ്യന്തോളുകാര്‍. അയ്യന്തോള്‍ തെക്കൂട്ടെ അപ്പുവിന്റെയും കാളിയുടെയും മകന്‍ ചാത്തുണ്ണിക്ക് പതിനാറാം വയസിലാണ് ‘പുലിബാധ’ കയറുന്നത്. ആദ്യമൊക്കെ പ്രായത്തിന്റെ ആവേശമെന്നേ വീട്ടുകാരും നാട്ടുകാരും കരുതിയുള്ളൂ. പക്ഷേ, പിന്നീടൊരിക്കലും ചാത്തുണ്ണിയില്‍ നിന്ന് പുലിബാധ ഒഴിഞ്ഞില്ല.

കല്‍പ്പണിയെടുത്ത് കുടുംബം പുലര്‍ത്തിപ്പോരുമ്പോഴും കര്‍ക്കടകം പിറന്നാല്‍ അദ്ദേഹം ‘പുലിജന്മ’ത്തിലേക്ക് കടക്കും. സസ്യാഹാരം കഴിച്ച് കുളിച്ചൊരുങ്ങി ഒരു മാസം വ്രതമെടുക്കും. പൂങ്കുന്നം, നായ്ക്കനാല്‍, കാനാട്ടുകര…അങ്ങനെ ദേശങ്ങളായ ദേശങ്ങള്‍ക്കെല്ലാം വേണ്ടി പുലിവേഷമിട്ടിട്ടുണ്ട്. ഒരിക്കല്‍ നാലോണനാളില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അച്ഛന്‍ മരിച്ചത്. പക്ഷേ, കളിതീരും വരെ ചാത്തുണ്ണി വേഷം അഴിച്ചില്ല, വേദന കടിച്ചമര്‍ത്തി, ജനക്കൂട്ടത്തെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
നാട്ടുകാര്‍ തോളത്തേറ്റിയ ഉലയ്ക്കകളില്‍ കയറി നിന്ന് കളിച്ചിരുന്ന കാലത്തിന്റെ ശേഷിക്കുന്ന പ്രതിനിധി കൂടിയാണ് ചാത്തുണ്ണി. അന്ന്, കളിക്കായിരുന്നു പ്രാധാന്യം. ഇപ്പോള്‍ താളത്തിനും ചുവടിനും പ്രാധാന്യമില്ലാതെ കുടവയറുള്ളവരുടേതായി പുലിക്കളി മാറിയെന്ന് പരിതപിക്കുന്നു മെലിഞ്ഞുപോയ ഈ പുലി.
നാലോണനാളിലാണ് തൃശൂരിലെ പുലിക്കളി. തലേന്നാള്‍ രാത്രി മുതല്‍ ചാത്തുണ്ണിയുടെ മനസും ശരീരവും പുലിയായി മാറാന്‍ തുടങ്ങും. നരച്ച രോമങ്ങള്‍ വടിച്ചുകളഞ്ഞ് ഇനാമല്‍ പെയിന്റ് തേക്കുമ്പോഴും, കിലോമീറ്ററുകള്‍ താണ്ടി സ്വരാജ് റൗണ്ടില്‍ ചാടിത്തിമിര്‍ക്കുമ്പോഴും, ഒടുവില്‍ പെയിന്റിളക്കാന്‍ മണ്ണെണ്ണയൊഴിച്ച് ചുരണ്ടുമ്പോഴും ചാത്തുണ്ണിക്ക് വേദനിച്ചിട്ടില്ല. ഭക്തിപരിവേഷത്തോടെയുള്ള സമര്‍പ്പണമാണ് ചാത്തുണ്ണിക്ക് പുലിക്കളി.
ഇത്തവണ പുലിക്കളി ദിവസം വരെ അദ്ദേഹത്തിനു പിന്നാലെ ബി.ബി.സി സംഘമുണ്ടാകും. അവരുടെ ചോദ്യങ്ങളും ചാത്തുണ്ണിയുടെ ഉത്തരങ്ങളും തര്‍ജ്ജമ ചെയ്തു കൊടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here