കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതിയും ബന്ധുക്കളും വെളിപ്പെടുത്തലുകള്‍ തുടരുന്നു. ജിഷയെ കൊലപ്പെടുത്തിയതു താനല്ല സുഹൃത്തായ അനാര്‍ ഉള്‍ ഇസ്ലാമാണെന്ന വെളിപ്പെടുത്തലുമായി പ്രതി അമീര്‍ ഉള്‍ ഇസ്ലാം രംഗത്തെത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. കേസില്‍ അനാര്‍ ഉള്‍ ഇസ്ലാമിന്റെ പങ്കിനെപ്പറ്റി താന്‍ പോലീസിനോടു വെളിപ്പെടുത്തിയതാണെന്നും ഇതു സംബന്ധിച്ചു വ്യക്തമായ മൊഴി പോലീസിനു നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്നും തന്റെ അഭിഭാഷകനായ പി.രാജന്‍ വഴി അമീര്‍ വെളിപ്പെടുത്തി.
സംഭവദിവസം മദ്യലഹരിയിലായിരുന്നെന്നും അന്നു നടന്ന സംഭവങ്ങള്‍ വ്യക്തമല്ലെന്നുമാണു ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. അനാറാണ് ജിഷയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. അനാറിനെ പ്രതി ചേര്‍ക്കാത്തത് നീതി നിഷേധമാണെന്നും അഭിഭാഷകന്‍ വഴി അമീര്‍ വെളിപ്പെടുത്തുന്നു.
ജിഷയെ കൊലപ്പെടുത്തിയത് അനാറിനൊപ്പമാണെന്നു പിടിയിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമീര്‍ വെളിപ്പെടുത്തിയിരുന്നു. ജിഷകൊല്ലപ്പെട്ട ഏപ്രില്‍ 28ന് ഉച്ചയോടെ പ്രതി അനാറുമൊത്ത് പെരുന്പാവൂരില്‍ വച്ചു മദ്യപിച്ചതായി ചോദ്യംചെയ്യലില്‍ അമീര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനുശേഷമാണു ജിഷയുടെ വീട്ടിലേക്കു പോയത്. വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പെരുമ്പാവൂരില്‍ അനാര്‍ താമസിച്ചിരുന്നിടത്തും സുഹൃത്തുക്കളുടെ അടുത്തും പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് അസം പോലീസിന്റെ സഹായത്തോടെ അനാറിനെ കണ്ടെത്തി ചോദ്യം ചെയ്തു. പ്രതി അമീറിന്റെ വീട്ടില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അനാറിന്റെ വീടെന്നും അസമില്‍ അന്വേഷണത്തിനു പോയ സംഘം പറഞ്ഞിരുന്നു.
എന്നാല്‍, അനാര്‍ ഉള്‍ ഇസ്ലാമെന്ന പേരില്‍ ഒരാള്‍പോലും പെരുന്പാവൂരില്‍ താമസിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പിന്നീട് അങ്ങനെയൊരാള്‍ ഇല്ലെന്ന നിലപാടില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.
അനാറാണ് കൊലപാതകം നടത്തിയതെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാമും ആവര്‍ത്തിക്കുന്നു.
അമീറിന് ജിഷയുമായി മുന്‍ പരിചയമില്ലെന്നാണ് ബദര്‍ പറയുന്നത്. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അനാര്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ബദര്‍ ഉള്‍ ഇസ്ലാം പറഞ്ഞു. അമീര്‍ പിടിയിലായ ശേഷം അനാറിനെ കേരള പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമാണ് ഇയാളെ അസമില്‍നിന്നു കാണാതായത്. കേരളത്തിലേക്കാണ് അനാര്‍ പോയതെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചെതെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു. അനാറിന്റെ മൊബൈല്‍ നമ്പറും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. എങ്കിലും അനാര്‍ എന്നൊരാള്‍ ഇല്ലെന്ന നിലപാട് ജിഷവധക്കേസിനെ കൂടുതല്‍ ദുരൂഹതകളിലേക്ക് കൊണ്ടുപോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here