കൊച്ചി: മദ്യത്തിനു മാത്രമല്ല ഓണക്കാലത്ത് മൊബൈലിനും മലയാളി പണം വാരിയെറിഞ്ഞു. ഓണത്തിന് സംസ്ഥാനത്തെ മൊബൈല്‍ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പ്പന നടന്നതായാണ് കണക്കാക്കുന്നത്. 250 കോടി രൂപയാണ് മൊബൈല്‍ ഫോണ്‍ വാങ്ങാനായി ഒരു മാസത്തിനിടെ മലയാളി ചെലവഴിച്ചത്. ഓണക്കാലത്ത് മാത്രം വിറ്റത് രണ്ടേകാല്‍ ലക്ഷത്തോളം ഫോണുകളാണ്.

ഒപോ, വിവോ, ജിയോണി തുടങ്ങിയ ബ്രാന്റുകളായിരുന്നു ഇത്തവണ ഓണക്കാലത്തെ താരങ്ങള്‍. ചൈനീസ് നിര്‍മ്മിതിയെന്ന ചീത്തപ്പേര് ഒഴിവാക്കി പ്രമുഖ ബ്രാന്റുകള്‍ മലയാളി ഉപഭോക്താക്കളുടെ മനസ് കീഴടക്കി. എന്നാല്‍ വിപണി വിഹിതത്തില്‍ സാംസങ് തന്നെയാണ് ഇത്തവണയും മുന്നില്‍.

ഗവേഷണ സ്ഥാപനമായ ജി.എസ്.കെയുടെ കണക്കനുസരിച്ച് കേരളത്തില്‍ വില്‍ക്കപ്പെടുന്ന ഓരോ 100 ഫോണുകളിലും 50 എണ്ണം സാംസങിന്റേതാണ്. സാംസങിന്റെ പുതുതായി പുറത്തിറങ്ങിയ വിലകുറഞ്ഞ ഫോണുകള്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചെന്ന് വിതരണക്കാര്‍ പറയുന്നു.
3ജിയില്‍ നിന്ന് 4ജിയിലേക്കുള്ള മാറ്റമായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ തരംഗമെങ്കില്‍ ഇത്തവണ റിലയന്‍സ് ജിയോ വിപ്ലവമാണെങ്ങും. വിലക്കുറവിനൊപ്പം മികച്ച വില്‍പ്പനാനന്തര സേവനം കൂടി വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രമുഖ ചൈനീസ് ബ്രാന്റുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഓണ്‍ലൈന്‍ വ്യാപാരം മാറ്റി നിര്‍ത്തിയാല്‍ പ്രതിമാസം ഒന്നരലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഇതില്‍ 50 ശതമാനം വര്‍ദ്ധനവോടെ രണ്ടേകാല്‍ ലക്ഷം ഫോണുകള്‍ ഓണക്കാലത്ത് വിറ്റഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here