തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ സമരം ചെയ്യുന്ന യുഡിഎഫിനു പിടിവള്ളിയായത് കെ.എം.മാണിയുടെ നിലപാട്. യുഡിഎഫ് വിട്ടെങ്കിലും മനസ് ഇപ്പോഴും യുഡിഎഫില്‍ത്തന്നെയാണെന്ന് മാണിയും ഇതുവഴി വ്യക്തമാക്കുകയായിരുന്നു. സ്വാശ്രയപ്രശ്‌നം ഉയര്‍ത്തി സഭയില്‍ പ്രക്ഷോഭമുയര്‍ത്തിയ യു.ഡി.എഫിനെ പരോക്ഷമായി സഹായിക്കുന്ന നയമായിരുന്നു മാണിയുടേത്. മാണിയുടെ സഹായമാണ് സഭയുടെ സ്തംഭനത്തിനും ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനും കാരണമായത്. സത്യഗ്രഹം നടത്തുന്ന യു.ഡി.എഫ് അംഗങ്ങളെകണ്ട് അഭിവാദ്യം അര്‍പ്പിക്കാനും മാണി തയാറായി. മാണി വിഭാഗത്തിലെ എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നിവരുടേതായിരുന്നു ആദ്യ ചോദ്യം. വനാതിര്‍ത്തികളിലെ കൃഷിഭൂമിയുടെ സംരക്ഷണം സംബന്ധിച്ചായിരുന്നു ചോദ്യം. എന്‍. ജയരാജ് ഒരു ചോദ്യം ചോദിക്കുകയും രണ്ടാമത്തെ ചോദ്യത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
മറ്റുള്ള അംഗങ്ങളും ചോദ്യം ചോദിക്കാതെ വിട്ടുനിന്നു. ഇതിനിടയില്‍ എസ്. രാജേന്ദ്രനും എം. സ്വരാജും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിടയില്‍ മഷികൊണ്ടുവന്നുവെന്ന ആരോപണം ഉയര്‍ത്തി വന്യജീവികളെ മഷികൊണ്ട് അടയാളപ്പെടുത്തുമോ തുടങ്ങി യു.ഡി.എഫിനെ പരിഹസിച്ചുകൊണ്ടുള്ള ചോദ്യങ്ങളുമായി രംഗത്തുവന്നു.
തുടര്‍ന്ന് എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. ചോദ്യത്തിലുടനീളം ഭരണപക്ഷാംഗങ്ങളും മറുപടി പറഞ്ഞ മന്ത്രി ടി.പി. രാമകൃഷ്ണനും യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ നിശിതമായ വിമര്‍ശിക്കുകയായിരുന്നു. മദ്യനയം നാടിന് ദോഷമായി എന്നതരത്തിലുള്ള പ്രസ്താവനയാണ് ഇവര്‍ നടത്തിയത്.
ചോദ്യോത്തരവേളകഴിഞ്ഞ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയും ബഹളവുമൊക്കെ തുടരുന്നതിനിടയില്‍ സഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇതു തങ്ങളെ ഉദ്ദേശിച്ചാണെന്ന് മനസിലാക്കിയ കെ.എം. മാണി ഉടന്‍ തങ്ങള്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. മാണി വിഭാഗം സഹകരിച്ചിരുന്നെങ്കില്‍ ഇന്നലെ നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ നടക്കുമായിരുന്നു. അതു യു.ഡി.എഫ്. സമരത്തിന് വലിയ തിരിച്ചടിയും നല്‍കിയേനെ. ചര്‍ച്ചയിെല്ലന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത് പി.സി. ജോര്‍ജ് രംഗത്തുവന്നെങ്കിലും ആരും ശ്രദ്ധിച്ചില്ല.തുടര്‍ന്ന് പ്രതിപക്ഷം സത്യഗ്രഹം ആരംഭിച്ചശേഷം കെ.എം. മാണി അവിടെ എത്തുകയും സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.
ഇന്നലത്തെ ദിനബത്ത വേണ്ടെന്ന് യു.ഡി.എഫ്. സ്പീക്കര്‍ക്ക് കത്തു നല്‍കി. എല്ലാവരും ഒപ്പിട്ടാണ് നിയമസഭയില്‍ എത്തിയതെങ്കിലും പിന്നീട് ബത്ത വേണ്ടെന്ന് കത്തുനല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here