തിരുവനന്തപുരം: സ്വാശ്രയ കരാറിനെതിരെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ചുള്ള യുഡിഎഫ് പ്രതിഷേധമായി മാറിയതോടെ വെട്ടിലായിരിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് എം എം ഹസനും അദ്ദേഹം ചെയര്‍മാനായ ജനശ്രീമിഷനും.ഹസന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിനു കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന സെക്കുലര്‍ മാര്‍ച്ച് കേരളത്തിലേക്കു കടക്കുമ്പോള്‍ കാട്ടാക്കടയില്‍ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.
മാനവസൗഹൃദത്തിനു വേണ്ടി ഒക്ടോബര്‍ അഞ്ചു വരെയാണ് മാര്‍ച്ച്. ശിവഗിരിയിലാണ് മാര്‍ച്ച്. ഇതിലൊരിടത്തും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പങ്കെടുക്കുന്നില്ലെന്നും നേരത്തേ പുറത്തുവന്നിരുന്നു. വിവിധ സമ്മേളനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെയും പങ്കെടുപ്പിക്കാന്‍ പരിപാടി തയ്യാറാക്കിയാണ് മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ ഉള്ള കൂറ്റന്‍ പ്രചാരണ ബോര്‍ഡുകള്‍ തലസ്ഥാനത്ത് പരക്കെ സ്ഥാപിക്കുകയും ചെയ്തു.
അതിനിടെയാണ് സ്വാശ്രയ സമരം വന്നുപെട്ടത്. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ കരിങ്കൊടി കാട്ടിയത് ചാനലുകാര്‍ വാടകകയ്‌ക്കെടുത്തു നടത്തിയതാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചതോടെ സ്ഥിതി മാറി. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചു. എന്നാല്‍ കെപിസിസി വൈസ്പ്രസിഡന്റായ ഹസന്‍ മാത്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം തന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കെ ഹസന്റെ മൗനം ശ്രദ്ധേയവുമാണ്.
അതേസമയം, സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തില്‍ നിരാഹാരത്തിലേക്കു കടക്കുകകൂടി ചെയ്തതോടെ ഹസന്‍ വെട്ടിലായി. വാടകക്കെടുത്തവര്‍ എന്ന പരാമര്‍ശം മുഖ്യമന്ത്രി തിരുത്തിയിട്ടുമില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഗാന്ധിജയന്തിക്കു മുമ്പ് സമരം തീരാനുള്ള സാധ്യതയേക്കുറിച്ചു സംശയമാണുതാനും.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുകയും അതേസമയം അദ്ദേഹം ജനശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം നേരിടേണ്ടിവരുമെന്ന സ്ഥിതിയിലാണ് ഹസന്‍.മാത്രമല്ല ആ പരിപാടിയില്‍ കോണ്‍ഗ്രസുകാര്‍ പിണറായിക്കെതിരെ കരിങ്കൊടി കാണിക്കുന്നതുള്‍പ്പെടെ എന്തെങ്കിലും പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നവുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here