തിരുവനന്തപുരം: ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിനെ അല്‍പ്പമെങ്കിലും പ്രതിരോധത്തിലാക്കിയ സാശ്രയ കരാറിനെതിരായ സമരത്തിന്റെ ഭാവിയെക്കുറിച്ച് യുഡിഎഫില്‍ പല ചിന്തകള്‍. സമരം സമാധാനപരമാകണോ അക്രമാസക്തമാകണോ എന്നതിനേച്ചൊല്ലി യുഡിഎഫില്‍ ഭിന്നത. സംഗതി ശരിയാണ്. തെരുവില്‍ പോലീസ് ലാത്തിച്ചാര്‍ജിന് ഇടയാക്കുന്ന വിധം സമരാവേശം നിലനിര്‍ത്തിയാല്‍ മാത്രമേ മാധ്യമശ്രദ്ധയും അതുവഴി ജനശ്രദ്ധയും ലഭിക്കുകയുള്ളൂ എന്നാണ് ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഉന്നയിക്കുന്ന ഈ വാദത്തിന് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പിന്തുണയുണ്ട്. നിയമസഭാ മന്ദിരത്തില്‍ എംഎല്‍എമാരുടെ നിരാഹാര സമരമായി മാറ്റിയതോടെ സമരത്തിന്റെ ചൂട് കുറഞ്ഞെന്നും സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റണമെന്നുമാണ് ഇവരുടെ നിലപാട്. സിപിഎം കേരളം ഭരിക്കുമ്പോള്‍ അവരുടെ സര്‍ക്കാരിനെതിരായ സമരം അവരുടെ അതേ ശൈലിയിലാകണമെന്ന് സ്വകാര്യമായി പല നേതാക്കളും പറയുന്നുമുണ്ട്.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും അടക്കമുള്ള ഒരു വിഭാഗം ഇതിനെതിരാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സെക്രട്ടേറിയറ്റ് നിരാഹാരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്ന സമരങ്ങള്‍ പിടിവിട്ടു പോകുന്നുവെന്ന് യുഡിഫ് നേതൃത്വത്തിനു മനസിലായിത്തുടങ്ങിയപ്പോഴാണ്് ക്ഷീണിതരായ നിരാഹാരക്കാരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. അത് രക്ഷയായി മാറി എന്നാണ് അക്രമ സമരത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ചിന്തിച്ചത്.
ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനും പകരം വേറെ ആരെങ്കിലും സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം തുടരണം എന്ന വാദം ഉയര്‍ന്നെങ്കിലും അത് അവര്‍ അംഗീകരിച്ചില്ല. സംസ്ഥാന പ്രസിഡന്റും വൈസ്പ്രസിഡന്റും ആശുപത്രിയിലേക്ക് മാറിയപ്പോള്‍ അതിനു താഴെയുള്ള നേതാക്കള്‍ നിരാഹാരം കിടക്കുന്നത് സമരത്തെ ചെറുതാക്കി കാണിക്കാന്‍ ഇടയാക്കുമെന്നായിരുന്നു വാദം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ഒരു പറ്റം നേതാക്കളോ കെപിസിസി ഭാരവാഹികളോ നിരാഹാരം കിടക്കാമെന്ന മറുവാദം അംഗീകരിക്കപ്പെട്ടില്ല.

എംഎല്‍എമാര്‍ നിരാഹാരം കിടക്കണം എന്ന ആലോചന വന്നപ്പോഴും അവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കിടക്കണം എന്നാണ് ഐ ഗ്രൂപ്പും യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ സമരം പോലീസുമായുള്ള തെരുവുയുദ്ധമാക്കാന്‍ കൂട്ടുനില്‍ക്കില്ല എന്ന് ഉമ്മന്‍ ചാണ്ടിയും സുധീരനും മറ്റും ശക്തമായ നിലപാടെടുത്തു. എന്നാലിപ്പോള്‍ അവരുടെ നിലപാട് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. സമരം സെക്രട്ടേറിയറ്റ് മന്ദിരത്തിലായതോടെ തണുത്തുപോയി എന്നാണത്രേ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്.

സഭയ്ക്കുള്ളില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പുറത്ത് വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എംഎല്‍എമാരുടെ നിരാഹാരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റണം എന്ന വാദത്തിനു ശക്തി വര്‍ധിച്ചിരിക്കുകയാണ്. മെഡിക്കല്‍ ഫീസ് വര്‍ധന കുറയ്ക്കുന്നതുവരെ സമരം എന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. ഫീസ് കുറയ്ക്കുന്ന കാര്യമാകട്ടെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ ഇല്ലതാനും.

സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ച് കൂടുതല്‍ സഹതാപവും പിന്തുണയും നേടിക്കൊടുക്കേണ്ട എന്നാണ് സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും പ്രമുഖ വിഭാഗത്തിന്റെ നിലപാട്. സമരം വീണ്ടും തെരുവിലേക്ക് ഇറങ്ങിയാല്‍ എന്തു വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച ആശയ വിനിമയം നടത്തുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here