തിരുവനന്തപുരം: ‘മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കേണ്ട’ എന്നത് പഴമൊഴി. പഴമൊഴിയെ അന്വര്‍ത്ഥമാക്കുകയാണിപ്പോള്‍ കേരളത്തിലെ മാവുകള്‍. നിറയെ പൂത്തുനില്‍ക്കുന്ന മാവുകളാണ് കേരളത്തിലെവിടെയുമുള്ള കാഴ്ച. കാലം തെറ്റി പൂത്ത മാവുകള്‍ കണ്ട് കൊതിക്കേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ പൂക്കളൊന്നും കായ്കളാകില്ല. അകാലത്തില്‍ കൊഴിഞ്ഞു പോകും.

കേരളത്തില്‍ മാവുകള്‍ പൂക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. അവയാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നല്ല മാങ്ങയാകുന്നത്. നവംബര്‍, ഡിസംബര്‍ മാസത്തെ തണുപ്പില്‍ നിറയെ പൂത്തു നില്‍ക്കുന്ന മാവുകള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. എന്നാല്‍ സപ്തംബര്‍ ആദ്യത്തോടെ കേരളത്തില്‍ പല പ്രദേശങ്ങളിലും മാവുകള്‍ പൂത്തു. കാലാവസ്ഥാ വ്യതിയാനമാണിതിന്റെ പ്രധാന കാരണമെന്ന് വെള്ളായണി കാര്‍ഷിക കോളേജിലെ ഡോ. പദ്മനാഭന്‍ പറഞ്ഞു. ഗുരുതരവുമാണ് ഈ സ്ഥിതി. ഇപ്പോഴത്തെ പൂക്കളൊന്നും മാങ്ങകളാകില്ലെന്ന് മാത്രമല്ല, അങ്ങനെ പൂത്ത മാവുകളൊന്നും വീണ്ടും പുഷ്പിച്ച് മാങ്ങകള്‍ നല്‍കുകയുമില്ല.

കേരളത്തിലെ മാങ്ങ ഉല്പാദനത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാകുകയും ചെയ്യും. മഴയെ ആശ്രയിച്ചാണ് മാവുകള്‍ പൂക്കാറ്. കാലം തെറ്റിപ്പെയ്ത മഴയോ കാലാവസ്ഥയിലെ ചെറിയ വ്യത്യാസങ്ങളോ ആകാം നേരത്തെ മാവ് പൂക്കാനുള്ള കാരണം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മാവുകളില്‍ പരാഗണം നടക്കുവാനുള്ള അന്തരീക്ഷം ഉണ്ടാകുന്നത്. അക്കാലയളവിലുണ്ടാകുന്ന പൂക്കളില്‍ അതിരാവിലത്തെ തണുപ്പില്‍ എത്തുന്ന ചെറുപ്രാണികളാണ് പരാഗണം നടത്തുന്നത്. അതിലൂടെയാണ് പൂക്കള്‍ മാങ്ങയാകുന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണ് ഈ പ്രാണികള്‍ മാമ്പൂതേടിയെത്തുന്നത് എന്നതാണ് കേരളത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകത.

സഹനശക്തി വളരെ കുറവുള്ള ഇനങ്ങളാണ് മാമ്പൂക്കള്‍. നിലാവിന്റെ പ്രകാശത്തില്‍ വിടരുന്ന പൂക്കള്‍ പരാഗണം നടന്നില്ലെങ്കില്‍ പെട്ടെന്ന് കൊഴിഞ്ഞു പോകും. കാലം തെറ്റി പൂക്കുന്നവയില്‍ പരാഗണം നടക്കാറില്ല. അതിനാല്‍ ഇപ്പോള്‍ പൂത്ത മാവുകള്‍ കണ്ട് കൊതിക്കേണ്ടതില്ലെന്ന് ഡോ. പദ്മനാഭന്‍ പറയുന്നു. കേരളത്തിലെ മാങ്ങകള്‍ വിപണിയിലെത്തുന്നത് ഫെബ്രുവരിമുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള മാസങ്ങളിലാണ്. ഇക്കാലത്താണ് കയറ്റുമതിയും. രാത്രികാലത്ത് നല്ല തണുപ്പും പകല്‍ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാന്‍ വേണ്ട കാലാവസ്ഥ. എന്നാല്‍ പകലും രാത്രിയും ഒരു പോലെ ചൂടുണ്ടാകുകയും ഇടമഴ പെയ്യേണ്ട കാലത്ത് പെയ്യാതിരിക്കുകയുമെല്ലാം ചെയ്യുന്നതാണ് മാവ് കൃഷിയെ കാര്യമായി ബാധിക്കുന്നത്. ഇപ്പോള്‍ രാത്രിയില്‍ തണുപ്പില്ലാത്ത കാലാവസ്ഥയെ മാമ്പൂക്കള്‍ അതിജീവിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here