getNewsIcfmages.php

കോഴിക്കോട്‌: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യകണ്ട മതേതര സങ്കല്‍പത്തിനുപകരം ഹിറ്റ്‌ലര്‍ ഉപയോഗിച്ച ഫാസിസ്റ്റ്‌ രീതിക്ക്‌ തുല്യമായ സമീപനമാണ്‌ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്നതെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.


ചിന്ത രവി അനുസ്‌മരണത്തോടനുബന്ധിച്ച്‌ `മതേതര ജനാധിപത്യമൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള പുതിയ അജണ്ട’ എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നതാണ്‌ ദേശീയത എന്ന്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ആര്‍.എസ്‌.എസ്‌- ബി.ജെ.പി നേതൃത്വം ഇന്ത്യയില്‍ ചെയ്യുന്നത്‌.

ജനങ്ങള്‍ സ്വപ്‌നംകാണുന്ന ദേശീയതയും, മതേതര വിശ്വാസവും സംരക്ഷിക്കാന്‍ ഇടതുപക്ഷം കടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുക, വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുക, ഏകാധിപത്യ പ്രവണത വളര്‍ത്തിയെടുക്കുക എന്നീ മൂന്ന് രൂപങ്ങളിലാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ചെയ്താലും കോണ്‍ഗ്രസ് ചെയ്താലും തെറ്റുകള്‍ മുഴുവനും പാര്‍ട്ടിയില്‍ കെട്ടി വെയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനായി ഇന്ത്യന്‍ ജനതയുടെ ഐക്യം നിലനില്‍ക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങളിലേര്‍പ്പെടാന്‍ ഇടതു പാര്‍ട്ടി ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് ഒന്ന് മുതല്‍ പൊതു ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 2 ന്റെ പണിമുടക്ക് ജനകീയ ഇടപെടലുകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ചിന്ത രവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. ശശികുമാര്‍, എഴുത്തുകാരന്‍ സക്കറിയ, സുനില്‍ പി. ഇളയിടം, ഹമീദ്‌ ചേന്ദമംഗല്ലൂര്‍, ചെലവൂര്‍ വേണു തുടങ്ങിയവര്‍ സംസാരിച്ചു.

താരിഖ്‌ അലിയുടെ `ദി ന്യൂ വേള്‍ഡ്‌ ഡിസോര്‍’ എന്ന പുസ്‌തകം ചിന്ത രവിയുടെ ഭാര്യ ചന്ദ്രികയ്‌ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here