ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിലെ അഴിമതിക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നത് നേര്. പൊതുമേഖലയിലെ വെള്ളാനകളെ തളയ്ക്കാന്‍ ഇ.പി.ജയരാജന്‍ നടത്തിയ ശ്രമങ്ങളും നിസ്സാരമല്ല. ഒടുവില്‍ ഇ.പി.ജയരാജന്‍ വീഴുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചതില്‍ പഴയ അഴിമതിക്കാര്‍ക്കും പങ്കുണ്ടത്രെ!
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് അഴിമതിക്കാര്‍ക്കെതിരെ ശക്തമായ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍ ഇദ്ദേഹത്തിനെതിരേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ് മാണിസാര്‍ ധനമന്ത്രിയായ കാലത്തെ ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗ്. തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും മറ്റും കൃത്രിമമുണ്ടാക്കിയെന്നതാണ് ആക്ഷേപം.
സമാനമായ ആക്ഷേപണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേയും വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. കശുവണ്ടിവികസന കോര്‍പറേഷനിലെ അഴിമതി കണ്ടെത്തി വിജിലന്‍സ് കേസ് എടുപ്പിച്ചതിന് പ്രതികാരമായാണ് കെ.എം. എബ്രഹാമിനെതിരേയും അന്വേഷണം തരപ്പെടുത്തിയത്. സ്ഥിരം വാടക വ്യവഹാരിയാണ് ഹര്‍ജിക്കാരന്‍. വിജിലന്‍സ് കോടതിയില്‍ പരാതി വന്നാല്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് സ്വാഭാവിക നടപടിയാണ്.
നീതിമാന്‍മാരെന്ന് വിവരമുള്ളവര്‍ക്ക് ബോദ്ധ്യമുള്ള ജേക്കബ്ബ് തോമസും, കെ.എം. എബ്രഹാമും എന്തോ അപരാധം ചെയ്തുവെന്ന മട്ടിലായിരുന്നു മാധ്യമങ്ങളിലെ വാര്‍ത്താഘോഷം.
മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ വാര്‍ത്തകള്‍ വേണം. പക്ഷേ ഇതിനിടയില്‍ ഞെരിഞ്ഞമരുന്നത് സത്യസന്ധരായ മനുഷ്യര്‍, വര്‍ഷങ്ങളുടെ ആത്മാര്‍ത്ഥ പരിശ്രമത്താല്‍ കെട്ടിപ്പടുത്ത സല്‍പ്പേരാണെന്നും, അത് അമൂല്യമാണെന്നും ആര് തിരിച്ചറിയാന്‍;
മാധ്യമ മറിമായ ലോകത്ത്!..

LEAVE A REPLY

Please enter your comment!
Please enter your name here