ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ സ്വത്തും ഭൂമിയും തട്ടിയെടുത്തുവെന്ന് പരാതി. സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തുവെന്ന പരാതി കോൺഗ്രസ് നേതൃത്വം പൂഴ്ത്തി. പരാതിയുടെ പകർപ്പ് ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം മാധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തിച്ചു. ഭൂമി നേതാക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ ആധാരപ്പകർപ്പും ഇവർ പുറത്തുവിട്ടിട്ടുണ്ട്.tu

താമരശേരി ചുങ്കം ചെക്ക്‌പോസ്റ്റിനടുത്ത് പരേതനായ കാവില്‍ അബ്രഹാം ലിങ്കന്റെ ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ചാണ് ആക്ഷേപം. ലിങ്കന്റെ ഇരുപത്തിരണ്ടേക്കറിൽനിന്ന് ഒരേക്കർ കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയെന്നാണ് പരാതി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ നേതാവിനെതിരെയാണ് പരാതി. കെപിസിസി അംഗം, കോഴിക്കോട് ഡിസിസി സെക്രട്ടറി എന്നിവര്‍ചേർന്നാണ് ഭൂമി കരസ്ഥമാക്കിയതെന്നാണ് ആക്ഷേപം.tuu

അബ്രഹാം ലിങ്കൺ മക്കളില്ലാതെ മരിച്ചതിനെത്തുടര്‍ന്നാണ് സ്വത്തിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നത്. തർക്കത്തിൽ മധ്യസ്ഥരായി ഇടപെട്ട മൂന്നുനേതാക്കളുടെ പേരിലുമായി ഒരേക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 22-ന് താമരശേരി സബ്‌രജിസ്ട്രാര്‍ ഓഫീസിലാണ് ഭൂമി ഇവർക്ക് രജിസ്റ്റർ ചെയ്തു നൽകിയത്.

കാന്‍സര്‍ ബാധിച്ചു മജിസ്‌ട്രേറ്റ് അബ്രഹാം ലിങ്കൻ മരിക്കുന്നതിനു മുമ്പ് ഭാര്യ മരണപ്പെട്ടിരുന്നു. ഭാര്യാ സഹോദരി ജീന്‍ അര്‍ജുന്‍ കുമാറാണ് അവസാനകാലത്ത് പരിചരിച്ചിരുന്നത്. തന്റെ പേരിലുള്ള 22. 44 ഏക്കര്‍ ഭൂമി ഉപയോഗിച്ച് മരണശേഷം കാന്‍സര്‍ രോഗികളെ സഹായിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജീനിന്റെ പേരില്‍ ഒസ്യത്ത് എഴുതി വച്ചിരുന്നു.tuuu

ലിങ്കന്റെ മരണശേഷം സഹോദരന്‍ ഫിലോമെന്‍ അബ്രഹാം ഈ ഭൂമിയില്‍ കൃഷി ആരംഭിച്ചു. ഇതു സംബന്ധിച്ച് ലിങ്കന്റെ ഭാര്യാ സഹോദരി ജീന്‍ അര്‍ജുന്‍ കുമാറും ഈ സഹോദരനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോഴാണ് പ്രശ്‌നം തീര്‍ക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതെന്ന് പരാതിയിൽ പറയുന്നു. താമരശേരി ഡിവൈഎസ്പി, സിഐ എന്നീ പൊലീസുദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നുവെന്നും ആക്ഷേപമുണ്ട്.

പ്രശ്‌ന പരിഹാരത്തിന് ആദ്യം ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ആക്ഷേപം. ഒടുവില്‍ മൂവരും 1.30 കോടി രൂപ വീതം കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. പണം നല്‍കാൻ കെപിസിസി അംഗം പ്രസിഡന്റായ കാരശേരി സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് ഫിലോമെന്‍ അബ്രഹാമിനും കുടുംബത്തിനും മൂന്നുകോടി രൂപ വായ്പ അനുവദിച്ചുവെന്നും ഈ തുക നേതാക്കൾ വീതിച്ചെടുത്തുവെന്നും പരാതിയിൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപക്കായാണ് സ്വത്തില്‍ നിന്ന് ഒരേക്കര്‍ അഞ്ച്‌സെന്റ് രജിസ്റ്റര്‍ ചെയ്ത് മൂന്നുപേരും സ്വന്തമാക്കിയതെന്നും പരാതിയിലുണ്ട്.

ഫോട്ടോയുള്‍പ്പെടെ താമരശേരി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ചെയ്ത ആധാരത്തില്‍ പൊതുപ്രവര്‍ത്തകരെന്നാണ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയെയും കെപിസിസി അംഗത്തെയും വിശേഷിപ്പിച്ചിട്ടുള്ളത്. ഡിസിസി സെക്രട്ടറിയെ കൃഷിക്കാരനെന്നും. ഇതിനായി ഫെയര്‍വില പ്രകാരം 4, 58,300 രൂപ ഭൂമിവിലയും കാണിച്ചിട്ടുണ്ട്. തര്‍ക്കത്തില്‍ കക്ഷിയായിരുന്ന എടക്കാട് സായിറാംവീട്ടില്‍ ജീന്‍അര്‍ജുന്‍കുമാറാണ് ആധാരത്തില്‍ ഒന്നാം സാക്ഷിയായി ഒപ്പിട്ടിട്ടുള്ളത്.

തട്ടിപ്പ് സംബന്ധിച്ച് താമരശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും മറ്റ് പ്രമുഖ നേതാക്കള്‍ക്കും നൽകിയ പരാതിയാണ് പൂഴ്ത്തിയത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കൾ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അടുത്തദിവസം കാണുമെന്നറിയുന്നു. വിജിലന്‍സിന് പരാതി കൈമാറാനും നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here