ഒരു നോട്ടെങ്കിലും മാറിക്കിട്ടാന്‍ പുലര്‍ച്ചെ മുതല്‍ ക്യൂ നിന്നവരെ നിരാശരാക്കി ബാങ്കുകളിലെ നോട്ടുകള്‍ തീര്‍ന്നു തുടങ്ങി. നൂറു കണക്കിനാളുകളാണ് ക്യൂ നിന്ന് നിരാശരായി മടങ്ങിയത്. 

ആകെയുണ്ടായിരുന്ന 100, 10, 20, 50 കറന്‍സി നോട്ടുകള്‍ ഏതാണ്ടെല്ലാ ബാങ്കുകളിലും കാലിയായി. ഇപ്പോഴുള്ളത് 2000 രൂപ നോട്ടുകള്‍ മാത്രം. ഇതും വൈകാതെ തീരുമെന്ന് ബാങ്ക് ജീവനക്കാര്‍.

 ഇനിയെന്തു ചെയ്യണമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. മിക്ക ബാങ്കുകളും നോട്ട് വാങ്ങാനെത്തിയവര്‍ക്കു മുന്നില്‍ കൈമലര്‍ത്തുന്നു.

 4000 രൂപ വരെ ഒരാള്‍ക്ക് മാറ്റിയെടുക്കാമെന്നുണ്ടെങ്കിലും പല ബാങ്കുകളിലും 2000 രൂപ മാത്രമാണ് അനുവദിക്കുന്നത്. പണത്തിന്റെ കുറവാണ് കാരണമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍.

പല ബാങ്കുകളും അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമാണ് പണം അനുവദിക്കുന്നത്. ഫോം പൂരിപ്പിച്ചു നല്‍കിയാലും അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പണം നല്‍കില്ലെന്നാണ് ഇവരുടെ നിലപാട്.

വൈകുന്നേരത്തോടെ നോട്ടുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും ഒരു ഉറപ്പുമില്ലെന്ന് കൂട്ടിച്ചേര്‍ക്കുന്നു. പണം വരുമെന്ന പ്രതീക്ഷയോടെ ആളുകള്‍ ബാങ്കിനു മുന്നില്‍ കാത്തിരിക്കുന്നു.

 ഇന്ന് പുലര്‍ച്ചെ അഞ്ചു മണി മുതല്‍ തന്നെ ജനങ്ങള്‍ ബാങ്കിനു മുന്നിലും എ.ടി.എമ്മുകള്‍ക്കു മുന്നിലും ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ചില എ.ടി.എമ്മുകളാവട്ടേ തുറന്നതേയില്ല. പണമുണ്ടായിരുന്ന എ.ടി.എമ്മുകള്‍ 12 മണിയോടെ തന്നെ കാലിയായി. ഇത് ഇനി എന്നാണ് നിറയ്ക്കുകയെന്നതിനെപ്പറ്റി വിവരമില്ല.

ചില ബാങ്കുകളില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ആളുകളുടെ ക്യൂ റോഡിലേക്ക് നീണ്ടത് ഗതാഗത സ്തംഭവനവും ഉണ്ടാക്കി.

പോസ്റ്റ് ഓഫിസുകള്‍ക്കു മുന്നിലെ സ്ഥിതിയും സമാനമാണ്. ഇന്നലെ മൂന്നു മണിയോടെ തന്നെ ഇവിടങ്ങളിലെല്ലാം പണം കാലിയായിരുന്നു. ചെറിയ സംഖ്യ മാത്രമേ പോസ്റ്റ് ഓഫിസിലൂടെ വിതരണം ചെയ്യുന്നുള്ളൂ.

പുതുതായി ഇറക്കിയ അഞ്ഞൂറിന്റെ നോട്ട് ഇതുവരെ ആര്‍ക്കും വിതരണം ചെയ്തിട്ടില്ല. ഇത് എന്ന് എത്തുമെന്നതിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ആര്‍.ബി.ഐയുടെ കൊച്ചി ശാഖയ്ക്കു പോലും ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും റെയില്‍വ്വേ സ്റ്റേഷനുകളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാതെ ബുദ്ധിമുട്ടുന്നു. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ റൗണ്ട് തുകയ്ക്ക് ഇന്ധനമടിക്കേണ്ടി വരുന്നു.

14991879_1026646650796355_4796811767339532261_n 14993470_1027846320676388_2560929116300918782_n 14993506_1026669327460754_1645392866759681518_n 15027805_1026594050801615_2812302483086657428_n 15032073_1026594000801620_1872355327706778496_n

LEAVE A REPLY

Please enter your comment!
Please enter your name here