കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലം കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ജയന്‍ ചെറിയാന്റെ ‘ക ബോഡി സ്കേപ്സ്’ എന്ന സിനിമയെ പുറത്താക്കി. ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്ന കാരണം പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട ‘ക ബോഡിസ്കേപ്സി’നെതിരെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കടുത്ത നിലപാടെടുത്തതോടെയാണ് ചിത്രം മേളയില്‍ നിന്നു പുറത്തായത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകന്‍.

ഐ എഫ് എഫ് കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ‘ക ബോഡിസ്കേപ്സി’ന് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കിയില്ലെന്ന് കാണിച്ച് ഇന്നലെയാണ് കേരള ചലച്ചിത്ര അക്കാദമി ചെയന്‍ ചെറിയാന് കത്തു നല്‍കിയത്. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്ത സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. മറ്റെല്ലാ സിനിമകള്‍ക്കും അനുമതി നല്‍കിയ മന്ത്രാലയം ‘ക ബോഡിസ്കേപ്സി’ന് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഹിന്ദു ദൈവമായ ഹനുമാനേയും ഹിന്ദുത്വത്തെയും അപമാനിക്കുന്നു എന്ന ആരോപണമാണ് കേന്ദ്ര സർ‍ക്കാര്‍ നടപടിക്കു പ്രേരകമായതെന്നാണ് സൂചന. കേന്ദ്രാനുമതി ഇല്ലെന്ന പേരില്‍ ഒരു സിനിമയെ പുറത്താക്കുന്നത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചരിത്രത്തിലെ ആദ്യസംഭവമായിരിക്കും.

സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കിയിട്ടുള്ള ‘ക ബോഡിസ്കേപ്സി’ല്‍ ‘കിസ് ഓഫ് ലൗ’ ഉള്‍പ്പെടെ സമീപകാലത്ത് കേരളത്തിലുണ്ടായ നിരവധി സമരങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.സിനിമ കേരള ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയത് ചലച്ചിത്രാസ്വാദകര്‍ സ്വാഗതം ചെയ്തിരുന്നു. സിനിമയില്‍ ഹിന്ദു ദൈവമായ ഹനുമാനെ സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കൊപ്പം അവതരിപ്പിക്കുന്നത് അസ്വസ്ഥജനകമാണെന്നായിരുന്നു സെന്‍സര്‍ ബോർഡിന്‍റെ കണ്ടെത്തല്‍.ചിത്രം മൊത്തത്തില്‍ ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ജയന്‍ ചെറിയാന് അനുകൂലമായി വിധിയുണ്ടായിരുന്നു. 30 ദിവസത്തിനുള്ളില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സപ്തംബര്‍ 27 നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതി വിധി മാനിക്കാന്‍ സെന്‍സര്‍ബോഡ് തയ്യാറായില്ലെന്ന് ജയന്‍ ചെറിയാന്‍ പറയുന്നു. ‘പുതിയ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും മേളയില്‍ ചിത്രം കാണിക്കാന്‍ കഴിയുമെന്നും ജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജയന്‍ ചെറിയാന്റെ ആദ്യ സിനിമയായ പാപ്പിലിയോ ബുദ്ധയ്ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു.ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന സിനിമയാണ് കാ ബോഡിസ്‌കേപ്‌സ്. കേരളത്തില്‍ പോയ വര്‍ഷം ഉണ്ടായ പുതു തലുമറ സമരങ്ങളും അവയുടെ ഭാവിയും സിനിമ ചര്‍ച്ച ചെയ്യുന്നു. ചുംബന സമരം, നില്‍പ് സമരം തുടങ്ങിയവയും സത്രീകള്‍ ജോലിയിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് കുളൂര്‍, അരുദ്ധതി, സരിത എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. നളിനി ജമീലയും സിനിമയിലെ കഥാപാത്രമകുന്നുണ്ട്. ജയന്‍ ചെറിയാന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫ്‌ളെയര്‍ ചലചിത്ര മേളിയില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നു. ഇന്ത്യന്‍ റിലീസിനായി സിനിമ തയ്യാറെടുക്കുകയാണ്.

kah91 kah93-1 kah921 kay6

LEAVE A REPLY

Please enter your comment!
Please enter your name here