ഞാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കുമ്മനം രാജശേഖരന്‍. 50 ദിവസം കൊണ്ട് എല്ലാം സാധാരണഗതിയിലായില്ലെങ്കില്‍ എന്തു ശിക്ഷ വേണമെങ്കിലും വിധിച്ചോളൂ എന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്. ആ വിധിനാള്‍ എത്തിക്കഴിഞ്ഞു. എത്ര കള്ളപ്പണം പിടിച്ചു? വരിയില്‍ നിന്ന് കരഞ്ഞവർ പണക്കാരാണോ പാവപ്പെട്ടവരാണോ? രാജ്യത്തിന്റെ വളർച്ച താഴേയ്ക്കെന്ന് റിസർവ് ബാങ്ക് പോലും സമ്മതിച്ചു കഴിഞ്ഞു. നാട്ടിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട് നവംബർ 8ന് ഞാന്‍ പറഞ്ഞതാണോ കുമ്മനം പറഞ്ഞതാണോ ശരിയായി വന്നതെന്ന്? ആരാണ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം പയറ്റുന്നത്?

ശമ്പള-പെന്‍ഷന്‍ ഇനങ്ങളില്‍ ട്രഷറിയില്‍ 500-600 കോടി ഇനിയും പിന്‍വലിക്കാനുണ്ടെന്നു ഞാന്‍ പറഞ്ഞല്ലോ. അതുകൊണ്ട് പണമില്ലെന്നു പറഞ്ഞ് സാധാരണക്കാരെ മുഴുവന്‍ മുള്‍മുനയില്‍ നിർത്തിയത് എന്തിനെന്ന് വിശദീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എതിരാളികള്‍ പറയുന്നത് എന്തെന്ന് വായിക്കാനെങ്കിലും മനസ്സുണ്ടാകുന്നത് നല്ലതാണ്. കഴിഞ്ഞൊരു മാസമായി ഞാന്‍ പറഞ്ഞുവരുന്നത് പണമുണ്ട് പക്ഷേ കറന്‍സിയില്ല എന്നാണ്. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. ട്രഷറിയില്‍ കിടക്കുന്ന 500-600 കോടി രൂപ വാങ്ങാന്‍ ശമ്പളക്കാരും പെന്‍ഷന്‍കാരും വന്നാല്‍ കൊടുക്കാനുണ്ടാകില്ല. കാരണം അത്രയ്ക്കു കുറച്ചു കറന്‍സിയേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. ഭാഗ്യത്തിന് അവർ വന്നു ചോദിച്ച് ബഹളം കൂട്ടുന്നില്ല.

വിലയും പലിശയും കുറയുന്നു എന്നു ഞാന്‍ സമ്മതിച്ചു. ഇത്രയും വലിയ നേട്ടങ്ങളെ എനിക്കുപോലും മറച്ചു വയ്ക്കാന്‍ കഴിയില്ല എന്നൊക്കെയാണ് കുമ്മനം പറയുന്നത്. വിലകള്‍ താഴുന്നതു ശരിയാണ് പക്ഷേ ഇതു നേട്ടമല്ല എന്ന് ഒരു മിനിട്ട് ആലോചിച്ചാല്‍ മനസ്സിലാകും. ഏത് വിലകളാണ് താഴുന്നത്? വ്യവസായ-ഉപഭോക്തൃ ഉല്പന്നങ്ങളുടെ വിലകളല്ല. കാർഷികവിഭവങ്ങളുടേയും ചെറുകിട വ്യവസായ ഉല്പന്നങ്ങളുടേയും വിലകളാണ് താഴുന്നത്. ഇവ വിറ്റൊഴിയാതെ വന്നതിനാല്‍ ഗതികേടുകൊണ്ട് അവ വില കുറച്ച് വില്ക്കുാന്‍ തയ്യാറാവുകയാണ്. ഉയർന്ന വിലയ്ക്ക് അസംസ്കൃതവസ്തുക്കളും മറ്റും വാങ്ങി അവർ നിർമ്മിച്ച ഉല്പന്നങ്ങളുടെ വില പൊടുന്നനെ താഴുമ്പോള്‍ ചെറുകിട ഉല്പാദകർ പാപ്പരാകും. കേരളത്തിനു പുറത്ത് നല്ല മഴയുണ്ടായിട്ടും റാബി വിളവ് വിസ്തൃതി പകുതിയായി താഴാന്‍ പോകുകയാണ്. പലിശയും കുറയുന്നുണ്ട്. പക്ഷേ എന്തുകൊണ്ട് നിക്ഷേപകരാരും വായ്പ എടുക്കുന്നില്ല. ഇന്ത്യയില്‍ നിക്ഷേപം ഇടിയുകയാണ്. അതേസമയം ജനങ്ങളുടെ മുഴുവന്‍ വാങ്ങല്‍ശേഷിയും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ബാങ്കിലിട്ടിരിക്കുകയാണ്. പലിശ എങ്ങനെ കുറയാതിരിക്കും?

മേല്പ്പറഞ്ഞപോലെ വിലയും പലിശയും കുറയുന്നത് അപകടത്തിന്റെ സൂചനയാണ്. ഇവയെല്ലാം മാന്ദ്യത്തിന്റെ തുടക്കമാണ്. ഇതുപോലെ ആസൂത്രിതമായി രാജ്യത്ത് സാമ്പത്തികതകർച്ച ഒരു ഭരണാധികാരിയും ഇതുവരെ സൃഷ്ടിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here